ധീരന്മാര്‍ക്ക് മരണമില്ല, കാലമേറും തൊറും അവര്‍ അനശ്വരരായി ജ്വലിച്ചുകൊണ്ടേയിരിക്കും. ഇക്കാരണത്താല്‍ തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട തിരോധാനത്തിന് ഏകദേശം 77 വർഷങ്ങൾക്ക് ശേഷവും നേതാജി സുഭാഷ് ചന്ദ്രബോസ് നമ്മെയെല്ലാം പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
ഇന്ത്യയുടെ സ്വതന്ത്രത്തിനായി പടപൊരുതിയ വീര പടനായകന്‍റെ, ധീര വിപ്ലവകാരിയുടെ 125ാം ജന്മവാർഷികമാണ് ഞായറാഴ്‌ച (23.01.2022). അന്നേ ദിവസം ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കപ്പെടുന്ന അദ്ദേഹത്തിന്‍റെ പൂര്‍ണകായ പ്രതിമയിലൂടെ രാജ്യത്തിന്‍റെ പാരമ്പര്യവും ചരിത്രവും കൂടുതല്‍ തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കും.
പ്രാധാനമന്ത്രി നരേന്ദ്രമോദിയാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമായി ഗ്രാനൈറ്റില്‍ തീർക്കുന്ന പ്രതിമയാവും സ്ഥാപിക്കുകയെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ അതേ സ്ഥലത്ത്, നേതാജിയുടെ ജന്മദിനമായ ജനുവരി 23ന് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുമെന്നും സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ സംഭാവനകള്‍ക്ക് ഇന്ത്യാക്കാരുടെ നന്ദിയുടെ പ്രതീകമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇംഗ്ലണ്ടിലെ മുൻ രാജാവായിരുന്ന ജോർജ് അഞ്ചാമന്‍റെ 70 അടി ഉയരമുള്ള പ്രതിമയുണ്ടായിരുന്ന സ്ഥലത്താണ് ധീര ദേശാഭിമാനിയുടെ പ്രതിമ തലയുയര്‍ത്തുക. ഇതോടെ ചരിത്രപരമായ ഒരു അപാകത കൂടിയാണ് തിരുത്തപ്പെടുന്നത്. 1968ൽ ജോർജ് രാജാവിന്‍റെ പ്രതിമ ഇവിടെ നിന്നും നീക്കം ചെയ്തിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് ഇന്ത്യയിലെ സൈനികരുടെ സ്മാരകമായാണ് ഇന്ത്യാ ഗേറ്റ് നിർമിച്ചിരിക്കുന്നത്. പിന്നീട് 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനുശേഷം, 1971-ൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണകൾ അനശ്വരമാക്കാൻ ഇന്ത്യൻ സർക്കാർ 'അമർ ജവാൻ ജ്യോതി'യും ഇവിടെ സ്ഥാപിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു. ഇതോടെ നേതാജിയുടെ ഹോളോഗ്രാം ചരിത്രത്തിന്‍റെ ഇരുളടഞ്ഞ ഏടിനെ പ്രകാശിപ്പിക്കുമ്പോള്‍, ഇവിടെ തിരുത്തപ്പെട്ടത് മറ്റൊരു പിശക് കൂടിയാണ്.
1971-ലെ യുദ്ധങ്ങളിലും അതിനു മുമ്പും ശേഷവുമുള്ള യുദ്ധങ്ങൾ ഉൾപ്പെടെ എല്ലാ ഇന്ത്യൻ രക്തസാക്ഷികളുടെയും പേരുകൾ ദേശീയ യുദ്ധ സ്മാരകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ അവിടെ പ്രകാശിക്കുകയെന്നത് രാജ്യത്തിന്‍റെ രക്തസാക്ഷികൾക്കുള്ള അംഗീകാരം കൂടിയാണ്.
'അമർ ജവാൻ ജ്യോതി'യിലെ ജ്വാല 1971-ലെയും മറ്റ് യുദ്ധങ്ങളിലെയും രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു, പക്ഷേ അവരുടെ പേരുകളൊന്നും അവിടെ ഇല്ല എന്നത് ഒരു വിചിത്രമായ കാര്യമാണെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിലും ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടിയ ചില രക്തസാക്ഷികളുടെ പേരുകൾ മാത്രമാണ് ഇന്ത്യാ ഗേറ്റിൽ ആലേഖനം ചെയ്തിരിക്കുന്നത്, അത് നമ്മുടെ കൊളോണിയൽ ഭൂതകാലത്തിന്‍റെ പ്രതീകമാണെന്നും ഇവര്‍ പറഞ്ഞു.
അതേസമയം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണാര്‍ഥമുള്ള ജ്വാലകള്‍ ഒന്നിപ്പിക്കുമെന്നും റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇരുജ്വാലകളും ചേര്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.