ന്യൂഡൽഹി: വാട്‌സ്‌ആപ്പ് ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ് മെസേജുകളിൽ വരുന്ന പിഴവുകൾ. നാം അയക്കുന്ന മെസേജുകളിൽ അക്ഷരങ്ങളിലോ, ഇമോജികളിലോ ഒക്കെ വലിയ തെറ്റുകൾ സംഭവിക്കാറുണ്ട്. ഇനിയിപ്പോൾ ഇത്തരത്തിൽ തെറ്റുള്ള മെസേജുകൾ അയച്ച് കഴിഞ്ഞാൽ ഒന്നുകിൽ അവ പൂർണമായും ഡിലീറ്റ് ചെയ്യുകയോ, അല്ലെങ്കിൽ വീണ്ടും ആ മെസേജ് ശരിയാക്കി അയക്കുകയോ ആണ് നാം ചെയ്യാറുള്ളത്. എന്നാൽ ഈ തലവേദനക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്‌സ്‌ആപ്പിന്‍റെ മാതൃകമ്പനിയായ മെറ്റ.
15 മിനിട്ടിനുള്ളിൽ ഡിലീറ്റ് ചെയ്യാം: ഇനി മുതൽ അയച്ച സന്ദേശത്തിൽ തെറ്റുകളുണ്ടെങ്കിൽ അവ എഡിറ്റ് ചെയ്യാം എന്ന ഓപ്‌ഷനാണ് മെറ്റ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച് 15 മിനിട്ടിനുള്ളിൽ മാത്രമേ ഇവ എഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. വാട്‌സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഈ സംവിധാനം ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീറ്റർ ലഭ്യമാക്കിയിട്ടുള്ളത്.
വരും ആഴ്‌ചകളിൽ ഈ പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. തെറ്റായ മെസേജിൽ ലോങ് പ്രസ് ചെയ്യുമ്പോൾ ലഭിക്കുന്ന പോപ്പ് - അപ്പ് മെനുവിൽ നിന്ന് 'എഡിറ്റ്' എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്താണ് മെസേജുകൾ എഡിറ്റ് ചെയ്യേണ്ടത്. എന്നാൽ എഡിറ്റ് ചെയ്‌ത സന്ദേശങ്ങൾക്കൊപ്പം 'എഡിറ്റഡ്' എന്ന ഒരു അറിയിപ്പും സ്വീകർത്താവിന് കാണാൻ സാധിക്കും.
'നിങ്ങൾ അയക്കുന്ന സന്ദേശത്തിൽ ഒരു തെറ്റ് വരുത്തുമ്പോഴോ, അല്ലെങ്കിൽ മെസേജിൽ മാറ്റം വരുത്തണം എന്ന് തോന്നുമ്പോഴോ നിങ്ങൾക്ക് അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കും. ഒരു സന്ദേശത്തിലേക്ക് അധിക കാര്യങ്ങൾ ചേർക്കുന്നതിനോ, അല്ലെങ്കിൽ ലളിതമായ അക്ഷരത്തെറ്റുകൾ തിരുത്തുന്നതിനോ ഈ പുതിയ ഫീച്ചർ സഹായകരമാകും. എഡിറ്റ് ചെയ്‌ത സന്ദേശങ്ങൾക്കൊപ്പം എഡിറ്റഡ് എന്ന് കാണിക്കുമെങ്കിലും എന്താണ് മാറ്റം വരുത്തിയത് എന്ന് അറിയാൻ സാധിക്കില്ല.'വാട്‌സ്‌ആപ്പ് വ്യക്‌തമാക്കി.
ALSO READ: സുരക്ഷ ഉറപ്പാക്കാന്‍ വാട്‌സ്‌ആപ്പ്; ഒരു മാസം നിരോധിച്ചത് 47 ലക്ഷം അക്കൗണ്ടുകള്‍
ചാറ്റ് ലോക്ക്: അടുത്തിടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ചാറ്റ് ലോക്ക് എന്ന ഫീച്ചറും വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു. ഉപയോക്താവിന് കൂടുതൽ സുരക്ഷ നൽകണം എന്ന് തോന്നുന്ന ചാറ്റുകൾ മാത്രം ലോക്ക് ചെയ്‌ത് സൂക്ഷിക്കാൻ സാധിക്കുന്ന സംവിധാനമാണിത്. മറ്റുള്ളവർ നമ്മുടെ വാട്‌സ്‌ആപ്പ് തുറന്നാലും ലോക്ക് ചെയ്‌ത ചാറ്റുകൾ തുറന്ന് വായിക്കാൻ കഴിയില്ല.
ചാറ്റ് ലോക്ക് ഫീച്ചർ ആക്‌ടിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേക ഫോൾഡറിലേക്ക് മാറ്റുകയും പ്രസ്‌തുത ചാറ്റിലെ നോട്ടിഫിക്കേഷനുകൾ ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും. ആ ചാറ്റുകളിലേക്ക് മെസേജുകൾ വന്നാലും അയച്ച ആളിന്‍റെ പേരോ മെസേജോ മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല. ഫിംഗർ പ്രിന്‍റ്, പിൻ നമ്പർ എന്നിവ ഉപയോഗിച്ചാണ് ചാറ്റ് ലോക്ക് ചെയ്യേണ്ടത്.
ALSO READ: വാട്‌സ്‌ആപ്പില്‍ താത്കാലിക ഗ്രൂപ്പുകള്‍ ഇനി തനിയെ ഇല്ലാതാവും! കിടിലൻ അപ്‌ഡേഷൻ വരവായി