ഹൈദരാബാദ്: വാട്‌സ്‌ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസും മെറ്റ പബ്ലിക് പോളിസി ഡയറക്‌ടർ രാജീവ് അഗർവാളും രാജിവച്ചു. നവംബർ ഒന്‍പതിന് ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ് മാതൃകമ്പനിയായ മെറ്റ തങ്ങളുടെ തൊഴിലാളികളില്‍ ഒമ്പത് ശതമാനം പേരെ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് വാട്‌സ്‌ആപ്പ്, ഫേസ്‌ബുക്ക് തലപ്പത്തിരിക്കുന്നവരുടെ രാജി.
മെറ്റ പ്രസ്‌താവനയിലൂടെയാണ് അഭിജിത്തിന്‍റെ രാജി അറിയിച്ചത്. അദ്ദേഹത്തിന്‍റെ സേവനങ്ങൾക്ക് വാട്‌സ്‌ആപ്പ് മേധാവി വിൽ കാത്കാർട്ട് നന്ദി അറിയിച്ചു. അദ്ദേഹത്തിന്‍റെ സംരംഭകത്വ ഡ്രൈവ് ദശലക്ഷക്കണക്കിന് ആളുകൾക്കും ബിസിനസുകൾക്കും പ്രയോജനകരമായ പുതിയ സേവനങ്ങൾ നൽകാൻ ഞങ്ങളുടെ ടീമിനെ സഹായിച്ചു. ഇന്ത്യയ്‌ക്കും നമുക്കും വാട്‌സ്‌ആപ്പിനായി ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അവര്‍ പറഞ്ഞു.
രാജീവ് അഗർവാളിന് പകരമായി ശിവനാഥ് തുക്രാലിനെ ഇന്ത്യയിലെ മെറ്റയുടെ പബ്ലിക് പോളിസി ഡയറക്‌ടറായി നിയമിച്ചതായും കാത്കാർട്ട് പ്രഖ്യാപിച്ചു. അതേസമയം, വാട്‌സാപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസിന് പകരം കമ്പനി ആരെ കൊണ്ടുവരുമെന്നത് വ്യക്തമല്ല.
ട്വിറ്ററിന് പിന്നാലെ മെറ്റയും: ടെക്‌വ്യവസായം നേരിടുന്ന മൊത്തത്തിലുള്ള പ്രതിസന്ധിയും കമ്പനിയുടെ വരുമാനത്തില്‍ വന്ന ഇടിവുമാണ് 11,000 ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമായതെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു. ട്വിറ്ററില്‍ നടന്ന വ്യാപകമായ പിരിച്ചുവിടലിന് പിന്നാലെയാണ് മെറ്റയുടേയും നടപടി.
ALSO READ| പതിനൊന്നായിരം പേരെ പിരിച്ചുവിടുന്നു ; ട്വിറ്ററിന് പിന്നാലെ കൂട്ടപ്പുറത്താക്കലുമായി മെറ്റ
കൊവിഡ് കാലത്ത് വലിയ രീതിയില്‍ ആളുകളെ ജോലിക്കെടുത്ത മറ്റ് ടെക് കമ്പനികളിലും പിരിച്ചുവിടല്‍ നടക്കുകയാണ്. മഹാമാരിക്ക് ശേഷവും ബിസിനസില്‍ വലിയ വളര്‍ച്ച പ്രതീക്ഷിച്ചായിരുന്നു താന്‍ വലിയ രീതിയില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെന്നും സക്കര്‍ബര്‍ഗ് പറയുന്നു.