പനാജി: ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കായി വാട്‌സ് ആപ്പ് ഹെൽപ്പ് ലൈൻ പുറത്തിറക്കി ഗോവ സർക്കാർ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് തിങ്കളാഴ്ച പനാജിയിലെ പൊലീസ് ആസ്ഥാനത്ത് വച്ച് ഹെൽപ്പ് ലൈൻ പുറത്തിറക്കിയത്.
സമൂഹമാധ്യമങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ സ്ത്രീകൾക്ക് ഹെൽപ്പ് ലൈൻ നമ്പർ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. സ്ത്രീകൾക്ക് എല്ലാക്കാലത്തേക്കുമുള്ള സുരക്ഷ നൽകുക, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇല്ലാത്ത സംസ്ഥാനമായി മാറുക എന്നിവയാണ് വനിതാ ഹെൽപ്പ്ലൈൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. 7875756177 എന്ന വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറിലൂടെ സ്ത്രീകൾക്ക് തങ്ങളുടെ പരാതികൾ അറിയിക്കാമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
ഹെൽപ്പ് ലൈൻ പുറത്തിറക്കിയതിന് ശേഷം അദ്ദേഹം ഗോവ പൊലീസിനായി ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് കൈമാറുകയും ചെയ്തു. ക്യാൻസർ രോഗനിർണയത്തിനായുള്ള ഉപകരണങ്ങളും മറ്റും അടങ്ങിയ ബസ് ഗോവ മെഡിക്കൽ കോളേജിന് നൽകാൻ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.