ന്യൂഡല്‍ഹി: തന്നെ സംബന്ധിച്ചിടത്തോളം രാജി വലിയ കാര്യമല്ലെങ്കിലും താന്‍ കുറ്റവാളിയല്ലെന്ന് വിശ്വസിക്കുന്നതിനാല്‍ രാജി സമര്‍പ്പിക്കില്ലെന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്യുഎഫ്ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. താന്‍ രാജി വച്ചാല്‍ സമരം നടത്തുന്ന ഗുസ്‌തി താരങ്ങളുടെ ആരോപണങ്ങള്‍ അംഗീകരിച്ചുവെന്ന് എല്ലാവരും തെറ്റിദ്ധരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കാലാവധി ഏതാണ്ട് അവസാനിക്കാന്‍ പോകുകയാണെന്നും സര്‍ക്കാര്‍ ഇതിനോടകം തന്നെ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇതോടെ തന്‍റെ കാലാവധി അവസാനിക്കുമെന്നും തനിക്കെതിരെയുള്ള ഗുസ്‌തിക്കാരുടെ ആരോപണങ്ങളോട് പ്രതികരിക്കവേ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ ദിവസവും പുതിയ ആവശ്യങ്ങളുമായാണ് ഗുസ്‌തി താരങ്ങള്‍ എത്തുന്നത്. തനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന അവരുട ആവശ്യം ഡൽഹി പൊലീസ് അംഗീകരിച്ചതിന് ശേഷവും അവർ പ്രതിഷേധം തുടർന്നുവെന്നും ഇപ്പോള്‍ തന്നെ ജയിലില്‍ അടക്കണമെന്നും തന്‍റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും താന്‍ രാജിവയ്‌ക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ഞാനൊരു എംപിയാണ്. എന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ വോട്ട് ചെയ്‌തത് കൊണ്ടാണ് താന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആളുകള്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ഹരിയാനയിൽ നിന്നുള്ള ഭൂരിഭാഗം ആളുകളും തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി തനിക്കെതിരെ ഒരു പൊലീസ് സ്റ്റേഷനിലോ, കായിക മന്ത്രാലയത്തിലോ, ഫെഡറേഷനിലോ ഗുസ്‌തി താരങ്ങള്‍ പരാതി നല്‍കിയിട്ടില്ലെന്നും ഇത് താരങ്ങളുടെ ഇരട്ടത്താപ്പാണെന്നും ബ്രിജ് ഭൂഷണ്‍ കുറ്റപ്പെടുത്തി. നേരത്തെ ഗുസ്‌തി താരങ്ങള്‍ തന്നെ പുകഴ്‌ത്തുകയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ ക്ഷണിക്കുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്‌തിരുന്നു. ഇവരെക്കൊയാണ് തനിക്കെതിരെ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ഭൂഷണ്‍ കുറ്റപ്പെടുത്തി.
വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെയും ഡൽഹി പൊലീസിന്‍റെയും പരിഗണനയിലാണെന്നും അവരുടെ തീരുമാനം ഞാൻ അംഗീകരിക്കുമെന്നും സിങ് പറഞ്ഞു. ഗുസ്‌തിക്കാരുടെ ഈ പ്രതിഷേധത്തിന് പിന്നിൽ ചില വ്യവസായികളും കോൺഗ്രസുമാണെന്ന് ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. തനിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളുടെ എഫ്‌ഐആറിന്‍റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിങ് പറഞ്ഞു. സംഭവത്തില്‍ താൻ നിരപരാധിയാണെന്നും അന്വേഷണത്തെ നേരിടാനും അന്വേഷണ ഏജൻസിയുമായി സഹകരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ട്. താൻ എവിടേക്കും ഓടി പോകില്ല. ഞാന്‍ എന്‍റെ വീട്ടില്‍ തന്നെയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസുമായി പൂര്‍ണമായും സഹകരിക്കും. കേസില്‍ സുപ്രീംകോടതിയുടെ തീരുമാനം എന്ത് തന്നെയായാലും ഞാന്‍ അനുസരിക്കുമെന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയുടെ നിർദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പെണ്‍കുട്ടിക്ക് മികച്ച സുരക്ഷ ഉറപ്പാക്കണമെന്നും ഡല്‍ഹി പൊലീസിനോട് കോടതി നിര്‍ദേശിച്ചു.