കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ ബുധനാഴ്‌ച ന്യൂഡൽഹി സന്ദർശിക്കും. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്‌ച നടന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ രാജ്യ തലസ്ഥാനം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ജൂൺ 15ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പുറപ്പെട്ട് വെള്ളിയാഴ്‌ച കൊൽക്കത്തയിലേക്ക് മടങ്ങുമെന്ന് ഗവർണർ ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും 50 ബിജെപി എംഎൽഎമാരും ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ക്രമ സമാധാന നില സംബന്ധിച്ച് ഗവർണർക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തു. കൂറുമാറ്റ നിരോധന നിയമം, തില്‍ജാല, ചന്ദന്‍നഗര്‍ എന്നിവിടങ്ങളിലെ അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടികാട്ടിയാണ് നിവേദനം സമര്‍പ്പിച്ചത്.
Read more: മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍; പിതാവിനെ പിന്തുടര്‍ന്ന് മകനും
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ പോലെ തന്നെ ബംഗാളിലും കൂറുമാറ്റ വിരുദ്ധ നിയമം ബാധകമാണെന്ന് ഗവര്‍ണര്‍ കൂടിക്കാഴ്‌ചയ്ക്ക് ശേഷം പറഞ്ഞു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളെ കുറിച്ചും ഗവർണർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സുവേന്ദു അധികാരി ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ ബിജെപി നേതാക്കൾ ചേക്കാറുമെന്ന അഭ്യൂഹങ്ങളും സജീവമാണ്.