ന്യൂഡല്‍ഹി: മൂന്ന് ഘട്ടങ്ങൾകൂടി വോട്ടെടുപ്പ് പൂർത്തിയാക്കാൻ ബാക്കിയുള്ള പശ്ചിമ ബംഗാളിനെ ആശങ്കയിലാഴ്ത്തി കൊവിഡ് നിരക്ക് കുത്തനെ കുതിച്ചുയരുന്നു. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങൾക്കുള്ളിൽ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളിൽ 6,910 പുതിയ കൊവിഡ് -19 കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ ബുള്ളറ്റിൻ അനുസരിച്ച് ആകെ കേസുകളുടെ എണ്ണം 6,43,795 ആയി. ആകെ മരണസംഖ്യ 10,506 ആയി ഉയര്‍ന്നു.
ഭാരതീയ ജനതാ പാർട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ എല്ലാ കൊവിഡ് -19 മാനദണ്ഡങ്ങളും പരസ്യമായി ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ, തെരഞ്ഞെടുപ്പിന്റെ ശേഷിക്കുന്ന ഘട്ടങ്ങളിലേക്കുള്ള പ്രചാരണത്തിന്റെ സമയം കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർഥി റെസൗൽ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതൽ സ്ഥാനാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു. മുർഷിദാബാദിലെ സംഷർഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി റെസൗൽ ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുർഷിദാബാദിലെ തന്നെ ജാൻകി പൂർ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ആർ.എസ്.പിയിലെ പ്രദീപ് നന്ദി, ഗോൾപോഖർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗുലാം റബ്ബാനി, ജൽപാൽഗുരിയിലെ സ്ഥാനാർത്ഥി പി.കെ ബുർമ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാർത്ഥികളുടെ പട്ടിക.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബംഗാൾ. ഇവിടത്തെ മരണ നിരക്ക് 1.7 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് കാണിക്കുന്ന മഹാരാഷ്ട്രയ്ക്ക് സമാനമാണ് ഈ സ്ഥിതിവിവരം. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലാണെങ്കിലും മരണനിരക്ക് ബംഗാളിൽ രൂക്ഷമാണ്.