കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. സംസ്ഥാനത്ത് 31 നിയോജക മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഇതിൽ നിന്ന് ആകെ 205 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 205 സ്ഥാനാർഥികളിൽ 193 പുരുഷന്മാരും 12 വനിതകളുമാണുള്ളത്. അതേസമയം ക്രിമിനൽ കേസുകളുള്ള 26 ശതമാനം സ്ഥാനാർഥികളാണ് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്നത്.
സുപ്രീം കോടതി നിർദേശത്തിന് എതിരായാണ് ക്രിമിനൽ കേസുകൾ നിലവിലുള്ളവർക്ക് വീണ്ടും രാഷ്‌ട്രീയ പാർട്ടികൾ സീറ്റ് നൽകിയിരിക്കുന്നത്. അക്രമരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സിഎപിഎഫിന്‍റെ 125 ഓളം കമ്പനികളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് 30 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാൾ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. അതേസമയം മാർച്ച് 27 ന് 30 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 79.79 ശതമാനമായിരുന്നു പോളിങ്. എട്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത് .വോട്ടെണ്ണൽ മെയ് 2 ന് നടക്കും.