കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 12 വയസോ അതിൽ കുറവോ പ്രായമുള്ള കുട്ടികളുള്ള അമ്മമാർക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.61 ശതമാനമായി കുറയ്ക്കാൻ സാധിച്ചതായും മമത കൂട്ടിച്ചേർത്തു.
ഒരു വയസ് മുതൽ 12 വയസുവരെയുള്ള കുട്ടികളുടെ അമ്മമാർക്ക് മുൻഗണന നൽകി വാക്‌സിന്‍ നൽകണം. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും എട്ടാമത്തെയും ഘട്ടത്തിൽ കൊവിഡ് കേസുകൾ വർധിച്ചു.
ഈ രണ്ട് ഘട്ടങ്ങളെയും ഒന്നിച്ച് നടത്താൻ ഞങ്ങൾ അഭ്യർഥിച്ചിരുന്നു. എന്നാൽ അവർ അത് നിരസിച്ചു. ഇപ്പോൾ പോസിറ്റിവിറ്റി നിരക്ക് 3.61 ശതമാനമായി കുറയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചു - മമത പറഞ്ഞു.
ALSO READ: ഓയിൽ ആൻഡ് ഗ്യാസ് ഡ്രില്ലിംഗിനുള്ള ഒഎൻജിസി അപേക്ഷ തള്ളി തമിഴ്‌നാട്
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനെക്കുറിച്ചും മമത ആശങ്ക ഉന്നയിച്ചു.
ഒട്ടേറെ പേർക്ക് കൊവാക്‌സിൻ നൽകിയിട്ടുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഇപ്പോഴും ഇതിന് അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ വളരെ ആശങ്കാകുലരാണ്, മമത കൂട്ടിച്ചേർത്തു.