കൊൽക്കത്ത : പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 10 ജില്ലാ പരിഷത്ത് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, പശ്ചിമ ബംഗാളിൽ 261 പഞ്ചായത്ത് സമിതി സീറ്റുകളിലും 3,832 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നു.
664 സീറ്റുകളിൽ ബിജെപിയും 460-ലധികം ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ സിപിഎമ്മും സഖ്യകക്ഷിയായ കോൺഗ്രസ് 168 സീറ്റുകളിലും മുന്നിലാണ്.
രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചു. ജൂലൈ എട്ടിന് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധയിടങ്ങളിലുണ്ടായ വ്യാപക അക്രമത്തിൽ 20 പേർ മരിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. 696 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.
എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷക്കായി കേന്ദ്രസേനാംഗങ്ങളെ വിന്യാസിച്ചിരുന്നു. സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് അസാധുവാക്കിയ നടപടി : ജൂലൈ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ കള്ളവോട്ട്, ബൂത്ത് പിടിച്ചെടുക്കൽ, തെരഞ്ഞെടുപ്പിലെ ക്രമക്കേട്, തുടങ്ങി നിരവധി അക്രമ സംഭവങ്ങളാണ് പലയിടത്തായി റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് വോട്ടിങ് അസാധുവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുകയായിരുന്നു.
ജൂലൈ എട്ടിന് അക്രമസംഭവങ്ങൾ ഉണ്ടായ ജില്ലകളിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് (Governor CV Ananda Bose) സന്ദർശിച്ചു. വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി (Union Home Minister Amit Shah) അദ്ദേഹം ചർച്ച ചെയ്‌തിരുന്നു. തുരങ്കത്തിന്‍റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്നും ഭാവിയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് അയയ്ക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ (JP Nadda) ഇന്നലെ നാലംഗ അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയും പാർട്ടി എംപിയുമായ രവിശങ്കർ പ്രസാദ്, മുൻ മുംബൈ പൊലീസ് കമ്മിഷണർ സത്യപാൽ സിങ്, രാജ്‌ദീപ് റോയ്, രേഖ വർമ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. തങ്ങൾക്കുണ്ടാകേണ്ട ആയിരക്കണക്കിന് ബൂത്തുകളിൽ റീപോളിങ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ (എസ്ഇസി) ഉത്തരവിട്ടില്ല എന്നും ബിജെപി ഇതിനിടെ ആരോപണം ഉന്നയിച്ചു. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
ജില്ല പരിഷത്തുകളിലെ 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലെ 9,419 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 61,591 സീറ്റുകളിലുമാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത് 897 ജില്ല പരിഷത്ത് സീറ്റുകളിലും 7,032 പഞ്ചായത്ത് സമിതി സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിൽ 38,475 സീറ്റുകളിലുമാണ്. സിപിഎം മത്സരിക്കുന്നത് 747 ജില്ല പരിഷത്ത് സീറ്റുകളിലും 6,752 പഞ്ചായത്ത് സമിതി സീറ്റുകളിലും 35,411 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ്. 644 ജില്ല പരിഷത്ത് സീറ്റുകളിലും 2,197 പഞ്ചായത്ത് സമിതി സീറ്റുകളിലും 11,774 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും കോൺഗ്രസും മത്സരിക്കുന്നുണ്ട്.