കൊൽക്കത്ത: സർക്കാർ പ്രോജക്‌ടുകളിൽ കോളജ് വിദ്യാർഥികൾക്ക് ശമ്പളത്തോടെ ഇന്‍റേൺഷിപ്പ് നൽകാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല.
വിദ്യാർഥി നേതാക്കൾക്കിടയിലും വിദ്യാഭ്യാസ വിദഗ്‌ധർക്കിടയിലും ഈ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്‍റെ (ടിഎംസി) വിദ്യാർഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്ത് (ടിഎംസിപി) പദ്ധതിയെ പ്രശംസിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്) വിദ്യാർഥി സംഘടന സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പദ്ധതിയിൽ സംശയം പ്രകടിപ്പിച്ചു.
ബംഗാൾ മുഖ്യമന്ത്രി എപ്പോഴും വിദ്യാർഥികളുടെ പക്ഷത്താണെന്ന് ടിഎംസിപി നേതാവ് രാജു മെഹെദി പറഞ്ഞു. വിദ്യാർഥികളുടെ ക്രെഡിറ്റ് കാർഡ് സ്‌കീം വഴി ദുരിതബാധിതരായ നിരവധി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചു. രാജ്യത്തിന്‍റെ പ്രധാനമന്ത്രി അവരെ സ്വയം അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമ്പോൾ, വിദ്യാർഥികൾക്ക് ഇന്‍റേൺഷിപ്പ് ഏർപ്പെടുത്തി അവരെ സ്വയം പര്യാപ്‌തരാക്കാനാണ് ബംഗാൾ മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതുവഴി കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാനും അവരുടെ കരിയർ കെട്ടിപ്പടുക്കാനും കഴിയും - രാജു മെഹെദി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി നേരത്തെയും ഇത്തരം വാഗ്‌ദാനങ്ങൾ നടത്തിയിരുന്നു എന്നാൽ യാതൊന്നും ഫലവത്തായില്ല. ഈ ഇന്‍റേൺഷിപ്പിന് കാലാവധിയുണ്ട്. എന്നാൽ സ്ഥിരമായി തൊഴിൽ നൽകാനുള്ള സാധ്യത ഈ പദ്ധതി കൊണ്ട് ഉണ്ടാകുന്നുണ്ടോ? ഇന്‍റേൺഷിപ്പിനായി വിദ്യാർഥികളെ വിവിധ ക്യാമ്പുകളിൽ പാർപ്പിക്കുകയും തുച്ഛമായ പ്രതിഫലം നൽകാനുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എസ്എഫ്‌ഐയുടെ കൊൽക്കത്ത ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് ഉടൻ പുനഃരാരംഭിക്കണമെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ പബിത്ര സർക്കാർ പറഞ്ഞു. വിദ്യാർഥികൾക്ക് ഇത് താൽക്കാലിക ആശ്വാസമാണ്. ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുകയും ഈ ഇന്‍റേൺഷിപ്പുകൾക്കൊപ്പം സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.