കൊല്‍ക്കത്ത: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് 16 മുതല്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ലോക്ക് ഡൗണ്‍ വേളയില്‍ അനുവദിക്കുകയുള്ളൂ. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ രാവിലെ പത്തു മണി വരെ മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കുകയെന്ന് ബംഗാള്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ മാത്രമായി കുറച്ചു.
READ ALSO……. പശ്ചിമ ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ നാളെമുതല്‍ നിര്‍ത്തിവെക്കും
ആളുകള്‍ കൂട്ടം കൂടുന്ന സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ഭരണപരമായ കൂടിച്ചേരലുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹ ചടങ്ങുകളില്‍ 50ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗാളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച 20,846 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 136 മരണങ്ങളും രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ.അലോക് റോയ് അറിയിച്ചു.