കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇളവുകളോടെ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 15 വരെ നീട്ടി. സലൂണ്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഫിറ്റ്നസ് സെന്‍ററുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവയ്ക്ക് അമ്പത് ശതമാനം സിറ്റിങ് കപ്പാസിറ്റിയോടെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. പൊതു ഗതാഗതത്തിന് അനുമതിയുണ്ടെങ്കിലും ലോക്കല്‍ ട്രെയിനുകളും മെട്രോകളും അടഞ്ഞ് കിടക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
ഇളവുകള്‍ ഇങ്ങനെ
സ്വകാര്യ, കോര്‍പ്പറേറ്റ് ഓഫിസുകള്‍ക്ക് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ തുറന്ന് പ്രവര്‍ത്തിയ്ക്കാം. സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും രാവിലെ 11 മണി മുതല്‍ 6 മണി വരെയാണ് പ്രവര്‍ത്തനാനുമതി. ജീവനക്കാര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിയ്ക്കണം.
പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ക്കും രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് കടകള്‍ രാവിലെ 11 മുതല്‍ രാത്രി 8 വരെ തുറക്കാം.
Also read: കോവിഷീൽഡ് സ്വീകരിച്ചവർ നേരിടുന്ന യാത്രാ പ്രശ്‌നം; ഉടൻ പരിഹരിക്കുമെന്ന് പൂനെവാലെ
വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല. രാത്രി 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ അത്യാവശ്യങ്ങള്‍ക്കല്ലാതെ സഞ്ചരിയ്ക്കരുതെന്നും നിര്‍ദേശമുണ്ട്.
ബംഗാളിലെ കൊവിഡ് നിരക്ക്
24 മണിക്കൂറിനിടെ 1,836 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 2,011 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 14,55,453 ആയി.
29 കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 17,612 ആയി. നിലവില്‍ 21,884 പേരാണ് പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.