കൊൽക്കത്ത: ഉത്തർപ്രദേശിലെ ക്രമസമാധാന നിലയെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യുപിയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാൾ വളരെ മികച്ചതാണെന്നായിരുന്നു മമതയുടെ പ്രസ്‌താവന. മൂന്നാം തവണ അധികാരമേറ്റതിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യുപിയിലെ അവസ്ഥയ്ക്ക് എതിരെ മമത: ബംഗാളിൽ പോയാൽ കൊല്ലപ്പെടുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനുള്ള മറുപടിയും തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാവ് നൽകി. ബംഗാളിലേക്ക് പോയാൽ നിങ്ങളെ കൊല്ലുമെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ എനിക്കതിൽ വിഷമമുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാൾ വളരെ മികച്ചതാണ്.
ഇന്ന് യുപിയിൽ പെൺകുട്ടികൾ നീതിക്കുവേണ്ടി ഇറങ്ങിയാൽ ഇരകളെ പ്രതികളാക്കുന്ന സ്ഥിതിയാണെന്നും എന്നാൽ ഇവിടെ തങ്ങളങ്ങനെ ചെയ്യില്ലെന്നും മമത കൂട്ടിച്ചേർത്തു. തന്‍റെ സ്വന്തം പാർട്ടി പ്രവർത്തകർ കുറ്റക്കാരാണെങ്കിൽ പോലും അവരെ താൻ വെറുതെ വിടില്ല. പക്ഷെ ചിലർ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത് തുടരുന്നുവെന്നും ഉത്തർപ്രദേശിനെ ലക്ഷ്യമിട്ട് അവർ പറഞ്ഞു.
രാഷ്‌ട്രീയം മുന്നോട്ടു കൊണ്ടുപോകാൻ ആദ്യം നിങ്ങൾ സാമൂഹ്യപ്രവർത്തനം നടത്തണം. ഇന്ന് താൻ ഒരിക്കൽ കൂടി ഇവിടത്തെ അമ്മമാരുടെയും സഹോദരിമാരുടെയും മുമ്പാകെ പ്രതിജ്ഞ ചെയ്യുന്നു. താൻ അധികാരത്തിലിരിക്കുന്നത് വരെ ബംഗാളിനായി പ്രവർത്തിക്കും. ഇന്ത്യയ്ക്കുള്ള പാത ബംഗാൾ കാണിക്കുമെന്നും മമത പറഞ്ഞു.
ALSO READ:'2024ല്‍ ബിജെപി രാജ്യത്ത് അധികാരത്തിലെത്തില്ല' ; അമിത് ഷായ്‌ക്ക് മറുപടിയുമായി മമത ബാനര്‍ജി
തനിക്കെതിരെ സംസാരിച്ച് തെറ്റിദ്ധരിപ്പിച്ചിട്ടും ഗൂഢാലോചന നടത്തിയിട്ടും ഒരു പ്രയോജനവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തുപറഞ്ഞാലും അത് കാര്യമാക്കുന്നില്ല. തന്‍റെ ജനങ്ങൾക്ക് വേണ്ടിയുള്ള ജനാധിപത്യത്തിലാണ് താൻ ശ്രദ്ധിക്കുന്നത്. ദുർഗാപൂജ ആഘോഷിക്കുന്നവരും ഈദ് ആഘോഷിക്കുന്നു. തങ്ങൾ എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നവെന്നും മമത പറഞ്ഞു.
ഷായ്‌ക്ക് മമതയുടെ മറുപടി: ഏപ്രിൽ 6ന് രാജ്യസഭയിൽ ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങ്ങിനോട് പ്രതികരിക്കവെയായിരുന്നു, പശ്ചിമ ബംഗാളിലേക്ക് പോയാൽ കൊല്ലപ്പെടുമെന്ന പരാമർശം അമിത് ഷാ നടത്തിയത്. 'നിങ്ങൾ ഗുജറാത്തിൽ പോയിട്ടുണ്ട്. ഗുജറാത്തിൽ ആം ആദ്‌മി പാർട്ടിക്കെതിരെ എന്തെങ്കിലും എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇനി എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെങ്കിൽ അതൊരുപക്ഷേ എന്തെങ്കിലും വിഷയമുണ്ടായിട്ടായിരിക്കും.
എന്നാൽ ബംഗാളിൽ പോയാൽ നിങ്ങൾ കൊല്ലപ്പെട്ടേക്കാം. നിങ്ങൾ അവിടെ പോകാതിരുന്നതാണ് നല്ലത്' എന്നായിരുന്നു അമിത് ഷായുടെ പ്രസ്‌താവന. ഷായുടെ വിവാദ പരാമർശത്തിനെതിരെ ടിഎംസി എംപിമാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.