കൊല്‍ക്കത്ത: പശ്ചിമബംഗാൾ തൊഴില്‍ സഹ മന്ത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ അന്വേഷണം സിഐഡി ഏറ്റെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ മന്ത്രി സാകിര്‍ ഹുസൈന് പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയിലേക്ക് പോകാനായി മന്ത്രി നിംനിത റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം നടന്നത്. കൈയിലും കാലിലുമാണ് അദ്ദേഹത്തിന് പരിക്കേറ്റതെങ്കിലും മന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലെ ഡോ അമിയ കുമാര്‍ ബേര പറഞ്ഞു.
കൂടുതല്‍ വായനയ്‌ക്ക്: ബംഗാളില്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം
സംഭവത്തില്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ദന്‍കര്‍, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍, ബിജെപി നാഷണല്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ അപലപിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്‌തു. സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യത്തില്‍ ആക്രമണങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സംഭവത്തില്‍ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ജഗ്‌ദീപ് ദന്‍കര്‍ വ്യക്തമാക്കി.