കൊല്‍ക്കത്ത: പൊലീസ് സ്റ്റേഷന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ സ്വപൻ മജുംദാർ നടത്തിയ പ്രസംഗം വിവാദത്തില്‍. നോർത്ത് 24 പർഗാനാസ് ജില്ലയില്‍ അശോക് നഗര്‍ ഏരിയയില്‍ നടന്ന റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തൃണമൂല്‍ പ്രവര്‍ത്തകരെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയും, ബിജെപി പ്രവര്‍ത്തകരെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി സ്വപന്‍ മജുംദാര്‍ ആരോപിച്ചു.
'അശോക്‌നഗർ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ ഇന്‍ ചാര്‍ജും, ഓഫിസര്‍ ഇന്‍ ചാര്‍ജും ശ്രദ്ധയോടെ കേള്‍ക്കണം. നിങ്ങളുടെ പ്രദേശത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുക. ഭരണകക്ഷിയുടെ കൊള്ളരുതായ്‌മയിൽ പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ ബിജെപി പ്രവർത്തകരെയും സാധാരണക്കാരെയും അറസ്റ്റ് ചെയ്യുന്നത് നിർത്തണം.
ഞങ്ങളുടെ ഒരു പ്രവര്‍ത്തകനെ ടിഎംസി അംഗങ്ങള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ആ കുറ്റവാളിയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇത് എക്കാലവും വച്ച് പൊറുപ്പിക്കാന്‍ കഴിയുന്നതല്ല, നിങ്ങളുടെ രീതികള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഒരു ദിവസം പൊലീസ് സ്റ്റേഷന് തീയിടാൻ ഞങ്ങൾ നിർബന്ധിതരാകും' എന്നായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദ പ്രസംഗം.
അതേസമയം, സ്വപൻ മജുംദാറിന്‍റെ പ്രസംഗത്തെ തള്ളിയ പാര്‍ട്ടി സംസ്ഥാന നേതൃത്വം, ബിജെപി അനുഭാവികളെ ടിഎംസി ആക്രമിച്ചപ്പോള്‍ പൊലീസ് വെറും കാഴ്‌ചക്കാരായി നിന്നു. ഈ സാഹചര്യത്തിലാണ് മജുംദാറിന് ഇത്തരമൊരു പരാമര്‍ശം നടത്തേണ്ടി വന്നതെന്ന് ഓര്‍മിക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. സ്വപൻ മജുംദാർ സംസാരിച്ചത് സംഘപരിവാര്‍ നേതാക്കളുടെ സാധാരണമായ ഭാഷയിലാണെന്ന് പശ്ചിമ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് കുറ്റപ്പെടുത്തി.
'കൊള്ളയിലും, തീവെപ്പിലും, നശീകരണത്തിലുമാണ് ബിജെപി വിശ്വസിക്കുന്നത്. അവരുടെ നേതാക്കൾ ഗുണ്ടാ ഭാഷയിലാണ് സംസാരിക്കുന്നത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാകന്‍ പോകുന്നത്', ജ്യോതിപ്രിയ മല്ലിക് കൂട്ടിച്ചേര്‍ത്തു.