കൊൽക്കത്ത : സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള സർവകലാശാലകളില്‍ ഗവർണർക്ക് പകരം മുഖ്യമന്ത്രി ചാൻസലറാകുന്ന തരത്തില്‍ നിയമ നിര്‍മാണത്തിന് പശ്ചിമബംഗാൾ. നിയമഭേദഗതി ബിൽ പശ്ചിമ ബംഗാൾ നിയമസഭയിൽ ഉടൻ അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു വ്യാഴാഴ്‌ച (മെയ് 26) അറിയിച്ചു. പുതിയ നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു.
നിലവിൽ സർക്കാർ സർവകലാശാലകളിൽ ഗവർണർ ജഗ്‌ദീപ് ധൻഖറാണ് ചാൻസലർ. ബിൽ പാസായാൽ നിയമപ്രകാരം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാകും ചാൻസലർ പദവിയും കൈകാര്യം ചെയ്യുക. കേരളത്തിലടക്കം ഗവർണറും സർക്കാരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കെയാണ് നിർണായക നീക്കവുമായി പശ്ചിമ ബംഗാൾ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.