കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിന്‍റെ പരസ്യപ്രചാരണത്തിന് ആവേശകരമായ അന്ത്യം. ശനിയാഴ്ച 45 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 342 സ്ഥാനാര്‍ഥികളുടെ വിധിയെഴുതാന്‍ 1.13 കോടി വോട്ടര്‍മാര്‍ ബൂത്തുകളിലെത്തും. കൂച്ച് ബെഹാര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിശബ്ദ പ്രചാരണത്തിനുള്ള സമയം 48ല്‍ നിന്ന് 72 മണിക്കൂറായി ഉയര്‍ത്തിയിരുന്നു.
അഞ്ചാം ഘട്ടത്തിലും കാടിളക്കിയുള്ള പ്രചാരണമാണ് മുന്നണികള്‍ നടത്തിയത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, രാജ്നാഥ് സിംഗ്, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ പ്രമുഖര്‍ കളത്തിലിറങ്ങി. തൃണമൂലിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രചാരണം. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമാണ് തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണം നയിച്ചത്. ഇന്ധന വിലവര്‍ധനയടക്കമുള്ള വിഷയങ്ങളുയര്‍ത്തിയായിരുന്നു പ്രചാരണം. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മേഖലയില്‍ റാലികള്‍ നടത്തി. കോണ്‍ഗ്രസും ഇടതുമുന്നണിയും നേതൃത്വം നല്‍കുന്ന വിശാല മുന്നണിക്കായായിരുന്നു രാഹുല്‍ പ്രചാരണം നടത്തിയത്.
സിലിഗുരി മേയറും ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, സംസ്ഥാന മന്ത്രി ബ്രാട്യാ ബസു, ബിജെപിയുടെ സാമിക് ഭട്ടാചാര്യ എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. 15,789 പോളിങ്ങ് കേന്ദ്രങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6.30 വരെയാണ് വോട്ടെടുപ്പ്. നോര്‍ത്ത് 24 പര്‍ഗാനാസ്, പൂര്‍ബ ബര്‍ധമാന്‍, നാദിയാ, ജല്‍പൈഗുരി, ഫൈവ് ഡാര്‍ജീലിങ്ങ്, കാലിംപോങ്ങ് ജില്ലകളിലെ 45 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2016ല്‍ മേഖലയില്‍ ഒരു സീറ്റ് പോലും ബിജെപി ജയിച്ചിരുന്നില്ല. അതേ സമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത് ബിജെപിയും. കൂച്ച് ബെഹാര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 853 കമ്പനി കേന്ദ്രസേനയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിന് സുരക്ഷയേകുന്നത്.