അസന്‍സോള്‍ (പശ്ചിമബംഗാള്‍): എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഞെട്ടല്‍ മാറാതെ ബംഗാൾ. അസന്‍സോള്‍ എഞ്ചിനീയറിങ് കോളജിലെ 22 കാരിയായ ആദിവാസി വിദ്യാര്‍ഥിനിയായ കോയല്‍ ഹന്‍സ്‌ദയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ചൊവ്വാഴ്‌ച രാത്രി ഹിരാപൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ന്യൂട്ടണ്‍ ഏരിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവം ഇങ്ങനെ: തിങ്കളാഴ്‌ച വൈകുന്നേരം മാര്‍ക്കറ്റിലേക്കായി ഇറങ്ങിയ കോയല്‍ പിന്നീട് വീട്ടിലേക്ക് മടങ്ങി വന്നിരുന്നില്ല. ഇതെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഈ പരാതിയിന്മേലുള്ള അന്വേഷണം നടക്കവെയാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മാത്രമല്ല ശരീരത്തില്‍ ഒരുപാട് പരിക്കുകളും കണ്ടെത്തിയിരുന്നു.
എന്നാല്‍ മരണകാരണമോ മറ്റ് വിവരങ്ങളോ ലഭ്യമാകാത്തതിനാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. യുവ എഞ്ചിനീയറിങ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പിതാവിന് പറയാനുള്ളത്: അതേസമയം കോയലിന്‍റെ മരണത്തില്‍ പിതാവ് ലക്ഷമിനാരായണ്‍ ഹന്‍സ്‌ദ ഇടിവി ഭാരതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്: തിങ്കളാഴ്‌ച വൈകുന്നേരം താന്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ കുളിമുറിയിലേക്ക് പോയ ഭാര്യയാണ് മകള്‍ ഒന്നും പറയാതെ ഇറങ്ങിപ്പോയതായി അറിയിച്ചത്. എന്നാല്‍ അവള്‍ മാര്‍ക്കറ്റിലേക്ക് പോയതാണെന്നും ഉടന്‍ തന്നെ മടങ്ങിവരുമെന്നും ഞങ്ങള്‍ കരുതി.
എന്നാല്‍ രാത്രി ഇരുട്ടിയും അവള്‍ മടങ്ങി വരാതായതോടെ ഞങ്ങള്‍ക്ക് പേടിയായി തുടങ്ങി. തങ്ങള്‍ അവളെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അവളെ തിരയാന്‍ ഞങ്ങള്‍ നേരിട്ടിറങ്ങി.
പിന്നില്‍ ആര്: തുടര്‍ന്ന് പിറ്റേന്ന് രാവിലെ തന്നെ ഹിരാപൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി മകളെ കാണാതായ വിഷയത്തില്‍ പരാതി നല്‍കി. തങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു. തുടര്‍ന്നാണ് അന്ന് രാത്രിയോടെ ഒരു മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. മൃതദേഹം അസന്‍സോള്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മൃതദേഹം അവളുടേതാണോ എന്ന് ഉറപ്പിക്കാനായി പൊലീസ് തങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും തങ്ങള്‍ക്ക് ആരുമായും ശത്രുതകള്‍ ഇല്ലായിരുന്നുവെന്നും ലക്ഷമിനാരായണ്‍ കൂട്ടിച്ചേര്‍ത്തു. കോയലിന്‍റെ വിവാഹത്തെക്കുറിച്ച് തങ്ങള്‍ കുടുംബക്കാര്‍ ആലോചിച്ചുവരുന്നത് ഇഷ്‌ടമല്ലാത്ത അവളെ സ്‌നേഹിച്ചിരുന്ന അപരിചിതനായ ആരെങ്കിലുമാവാം മരണത്തിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു. അതേസമയം ബുധനാഴ്‌ച നടക്കുന്ന പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥി ആത്മഹത്യകള്‍: കഴിഞ്ഞദിവസം മദ്രാസ് ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയെയും ഹോസ്‌റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ് സ്വദേശി വൈപ്പു പുഷ്‌പക് ശ്രീസായിയാണ് (20) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും യുവാവ് ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വിദ്യാർഥിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഐഐടി അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം കോളജിലെ തന്നെ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ജീവനൊടുക്കി ഒരു മാസം തികയുമ്പോഴാണ് ദാരുണമായ ഈ സമാന സംഭവവും നടക്കുന്നത്.