കൊല്‍ക്കത്ത: കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തിങ്കളാഴ്‌ച മുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. ജനുവരി പതിനഞ്ച് വരെയാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്‌ച മുതല്‍ രാത്രി പത്ത് മണി മുതല്‍ പുലർച്ചെ അഞ്ച് മണി വരെ രാത്രികാല നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാദേശിക ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി ഏഴ് മണി മുതല്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദി അറിയിച്ചു.
ദീര്‍ഘ ദൂര, മെയില്‍, പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ക്ക് അമ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. സുവോളജിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജിം, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവയ്ക്കും പ്രവര്‍ത്തനാനുമതിയില്ല.
ബാറുകള്‍, റെസ്‌റ്റോറന്‍റുകള്‍, നൈറ്റ് ക്ലബ്ബുകള്‍, പബ്ബുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയവയ്ക്ക് അമ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിയ്ക്കാം. അതേസമയം, അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഗംഗാസാഗര്‍ മേളക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
Also read: ഭീതി ഉയര്‍ത്തി ഒമിക്രോണ്‍ ; രാജ്യത്ത് 27,553 പേര്‍ക്ക് കൂടി കൊവിഡ്