നവസാരി(ഗുജറാത്ത്): വിവാഹ സമ്മാനത്തിനുള്ളിലെ ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ മൂന്ന് വയസുകാരനും പരിക്കേറ്റു. വധുവിന്‍റെ സഹോദരി ജാഗൃതിയുടെ മുൻ കാമുകൻ നൽകിയ വിവാഹ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ രാജേഷ് പട്ടേൽ എന്നയാളെയും ഇയാളുടെ കൂട്ടാളി മനോജിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
നവസാരി ജില്ലയിലെ വന്‍സ്‌ദ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ മെയ് 12നാണ് വരന്‍ വിവാഹം ചെയുന്നത്. ദമ്പതികള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ സമ്മാനമായി ലഭിച്ച ടെഡ്ഡി ബെയർ റീചാര്‍ജ് ചെയ്യുന്നിതിനിടെയാണ് വരനായ ലതേഷ് ഗാവിതിനും അനന്തരവനും പരിക്കേറ്റത്.
സംഭവത്തിൽ വരൻ ലതേഷ് ഗാവിതിന്‍റെ കണ്ണിന് പരിക്കേൽക്കുകയും കൈപ്പത്തി അറ്റുപോകുകയും ചെയ്‌തു. മൂന്ന് വയസുകാരനായ അനന്തരവന്‍റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലക്ഷ്യം വച്ചത് വധുവിന്‍റെ സഹോദരിയെ: വധുവിന്‍റെ സഹോദരി ജാഗൃതിയെ കൊലപ്പെടുത്താനാണ് പ്രതി രാജേഷ് പട്ടേൽ കളിപ്പാട്ടത്തിൽ ബോംബ് വച്ച് നൽകിയത്. പ്രതി രാജേഷ് പട്ടേൽ 2009 മുതൽ ജാഗൃതിയുമായി ഒരുമിച്ച് കഴിയുകയാണ്. ഇരുവർക്കും ഒരു കുട്ടിയുണ്ട്. എന്നാൽ രാജേഷ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതിനെ തുടർന്ന് കുറച്ചുനാളായി രാജേഷും ജാഗൃതിയും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ജാഗൃതിയെ കൊലപ്പെടുത്താൻ രാജേഷ് തീരുമാനിച്ചതിന് പിന്നിൽ.
തുടർന്ന് രാജേഷ് മനോജ് എന്ന സുഹൃത്തിന്‍റെ പക്കൽ നിന്നും ജെലാറ്റിനും ഡിറ്റണേറ്ററും വാങ്ങി കളിപ്പാട്ടത്തിനുള്ളിൽ വച്ചു. അതുമായി ഒരു വയർ ബന്ധിപ്പിച്ചു. തുടർന്ന് ഇത് ഒരു സുഹൃത്ത് വഴി ജാഗൃതിക്ക് നൽകി. എന്നാൽ അബദ്ധത്തിൽ ജാഗൃതി സമ്മാനം വിവാഹത്തിന് തന്‍റെ സഹോദരിയുടെ ഭർത്താവിന് സമ്മാനിക്കുകയായിരുന്നു.
ചൊവ്വാഴ്‌ച വിവാഹ സമ്മാനങ്ങൾ പരിശോധിക്കുകയായിരുന്ന ലതീഷും സഹോദര പുത്രനും ടെഡ്ഡി ബെയറിനെ പ്ലഗിൽ കണക്‌ട് ചെയ്‌തയുടൻ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തു.