ഹൈദരാബാദ് : തെലങ്കാനയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തെലങ്കാനയെന്ന സംസ്ഥാനം രൂപീകരിച്ചത് ഏതെങ്കിലുമൊരു വ്യക്തിക്കോ കുടുംബത്തിനോ വേണ്ടിയല്ലെന്ന് വാറങ്കലില്‍ നടന്ന പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനം രൂപീകരിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും തെലങ്കാനയിലെ പ്രശ്‌നങ്ങള്‍ക്ക് മാറ്റമില്ല.
തൊഴിലില്ലായ്‌മ, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവ കാരണം സംസ്ഥാനത്ത് ആത്മഹത്യകള്‍ തുടര്‍ക്കഥയാവുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
ടിആര്‍എസ് സര്‍ക്കാര്‍ ജനങ്ങളേയോ അവരുടെ പ്രശ്‌നങ്ങളേയോ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. തെലങ്കാനയുടെ സ്വപ്‌നങ്ങള്‍ കോണ്‍ഗ്രസ് നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ ഒരു വ്യക്തി കോടികളുടെ അഴിമതി നടത്തുന്നു. അത് ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായറിയാം. കോണ്‍ഗ്രസ് അത്തരക്കാരുമായി സന്ധിചേരില്ല. അത്തരക്കാരുമായി സന്ധിചേരുന്നവരെ കോണ്‍ഗ്രസില്‍ നിലനിർത്തുകയുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Also Read: വിവാദങ്ങള്‍ക്കൊടുവില്‍ രാഹുല്‍ മടങ്ങി; കൂടെയുണ്ടായിരുന്നത് ഇന്ത്യന്‍ വംശജയായ പോര്‍ച്ചുഗീസുക്കാരി
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി തെലങ്കാനയിലെത്തിയത്. വെള്ളിയാഴ്‌ച ഗബ്രിയേല്‍ സ്‌കൂള്‍ മൈതാനത്ത് നടന്ന പൊതുപരുപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമുണ്ടായിരുന്നു.