മുംബൈ: മഹാ വികാസ് അഗാദി സഖ്യത്തിന്‍റെ ശക്തി തിരിച്ചറിയാൻ സാധിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം തങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ചായിരുന്നില്ല. ആറ് സീറ്റുകൾക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ സഖ്യം നാല് സീറ്റുകൾ നേടി. തങ്ങളുടെ പ്രതീക്ഷയ്‌ക്കപ്പുറം ഒരു സീറ്റ് മാത്രമെ ബിജെപിക്ക് നേടാൻ സാധിച്ചുള്ളൂവെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
പാർട്ടിയുടെ തോൽവി ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്‌ച ബിജെപി യോഗം ചേർന്നതായി കേന്ദ്രമന്ത്രി റാവോ സാഹിബ് ധാൻവെ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ മഹാരാഷ്‌ട്ര സന്ദർശനത്തെ കുറിച്ചും യോഗത്തിൽ ചർച്ച നടത്തി. ശിവസേന ഒരു സീറ്റ് പോലും നേടിയിട്ടില്ല. അവർ അതിനെക്കുറിച്ച് ചിന്തിക്കണം. മഹാരാഷ്‌ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഒരു ശ്രമവും നടത്തില്ലെന്നും ഈ സർക്കാർ സ്വന്തമായി തന്നെ വീഴുമെന്നും ധാൻവെ കൂട്ടിച്ചേർത്തു.