മുംബൈ: മഹാരാഷ്ട്രയില്‍ ഇനിയൊരു ലോക്ക്‌ഡൗണ്‍ കൂടി നടപ്പിലാക്കുന്നത് മികച്ച തീരുമാനമല്ലെന്ന് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. കൊവിഡ് വ്യാപനത്തിന് പരിഹാരം കാണാന്‍ ലോക്ക്‌ഡൗണ്‍ അല്ലാതെ മറ്റ് മാർഗങ്ങൾ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് നവാബ് മാലിക് ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗണിനായി തയാറെടുക്കാൻ മുഖ്യമന്ത്രി ഭരണകൂടത്തോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. ജനങ്ങൾ പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചാൽ ലോക്ക്‌ഡൗണ്‍ ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ 31,643 പുതിയ കൊവിഡ് കേസുകളും 102 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആകെ കൊവിഡ് കേസുകൾ 27,45,518 ആയി. മരണസംഖ്യ 54,283 ആയി ഉയർന്നു. നിലവിൽ 3,36,584 പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 68,020 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 40,414 കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്.