കൊൽക്കത്ത/പട്ന: പശ്ചിമ ബംഗാളിലും,ബിഹാറിലും കൊവിഡ് വാക്സിന്‍റെ ആദ്യ ബാച്ചെത്തി. സിറം ഇൻസിറ്റിറ്റ്യൂട്ടിൽ നിന്നുളള കൊവിഡ് ഷീൽഡ് വാക്സിനാണ് കൊൽക്കത്തയിലെയും പാട്‌നയിലെയും വിമാനത്താവളങ്ങളിലെത്തിയത്.
കൊൽക്കത്തയിലെത്തിയ വാക്സിനുകൾ ബാഗ്ബസാറിലെ സെൻട്രൽ ഫാമിലി മെഡിക്കൽ സ്‌റ്റോറിലും പട്നയിലെത്തിയ വാക്‌സിനുകൾ നളന്ദ മെഡിക്കൽ കോളജിലെ വാക്‌സിൻ സംഭരണശാലയിലേക്കും മാറ്റി.
പശ്ചിമ ബംഗാളിനും, ബിഹാറിനും പുറമെ കർണാടക, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും വാക്‌സിൻ ഇന്ന് എത്തിച്ചു. ജനുവരി 16 മുതൽ ആരംഭിക്കുന്ന കൊവിഡ് വാക്സിനേഷന്‍റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി പൂനെയിൽ നിന്ന് രാജ്യത്തുടനീളം 13 സ്ഥലങ്ങളിലേക്ക് വാക്‌സിൻ വിതരണം ആരംഭിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 56.5 ലക്ഷം ഡോസ് വാക്സിനുകളാണ് ആദ്യഘട്ടത്തിൽ എത്തിക്കുന്നത്.