മുംബൈ: മൻസുഖ് ഹിരന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വെയ്‌സിന് താനെയിലെ സെഷൻസ് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അറസ്റ്റിൽ നിന്ന് വെയ്‌സിന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ എ.എം. കലേക്കർ കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വിവേക് കടു വാദിച്ചതോടെയാണ് ഇടക്കാല ജാമ്യം കോടതി നിഷേധിച്ചത്.
കേസിൽ ഗുരുതരമായ വകുപ്പുകളായ ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവുകൾ നശിപ്പിക്കൽ), 120 (ബി) (ക്രിമിനൽ ഗൂഡാലോചന) എന്നിവ ഉൾപ്പെടുന്നുവെന്നും കോടതി ഇടക്കാല ജാമ്യം നിഷേധിച്ച് കൊണ്ട് പറഞ്ഞു. ഹിരന്‍റെ മരണവുമായി ബന്ധപ്പെട്ട് എടിഎസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ ഒരു വ്യക്തിയുടെയും പേര് പരാമർശിക്കുന്നില്ലെന്ന് വെയ്‌സ് തന്‍റെ അപേക്ഷയിൽ പറഞ്ഞു. വെറും സംശയം മാത്രം അടിസ്ഥാനമാക്കിയാണ് ഹിരന്‍റെ ഭാര്യ നൽകിയ പരാതിയെന്നും ഇതിന് അടിസ്ഥാനമില്ലെന്നും വെയ്‌സ് വാദിച്ചു. കേസ് അന്വേഷിക്കുന്ന എടിഎസ് ഈ ആഴ്‌ച ആദ്യം വെയ്‌സിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടറായിരുന്ന വെയ്‌സിനെ നിലവിൽ മുംബൈ പൊലീസിന്‍റെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്‍റർ (സിഎഫ്‌സി) യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ശനിയാഴ്‌ച രാവിലെ തന്‍റെ പുതിയ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സന്ദേശത്തിൽ, "ലോകത്തോട് വിടപറയേണ്ട സമയം അടുത്തുവരികയാണ്" എന്ന് വെയ്‌സ് കുറിച്ചിരുന്നു. ഫെബ്രുവരി 25 ന് വ്യവസായി മുകേഷ് അംബാനിയുടെ തെക്കൻ മുംബൈയിലെ വീടിന് സമീപം കാറിൽ സ്‌ഫോടകവസ്‌തുക്കളും ഭീഷണി കത്തും കണ്ടെത്തിയതോടെയാണ് കേസിന്‍റെ തുടക്കം. ഇത് ഹിരന്‍റെ കാറാണെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഷ്‌ടിക്കപ്പെട്ടുവെന്നും ഹിരൻ പറഞ്ഞിരുന്നു. എന്നാൽ മാർച്ച് അഞ്ചിന് താനെയിൽ മന്‍സുഖ് ഹിരനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് കേസ് വഴിമാറുകയായിരുന്നു.