ന്യൂഡൽഹി : യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി അപകടരേഖയ്ക്ക് മുകളിലേക്ക് ഉയരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് 6 മണിയോടെ ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് 204.94 മീറ്ററായിരുന്നു. ഇത് 205.39 മീറ്ററിലെത്തി. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ കണക്കുകൾ പ്രകാരം ഇന്നലെ (ഓഗസ്റ്റ് 15) രാത്രി 10 മണിയോടെയാണ് ജലനിരപ്പ് 205.33 മീറ്ററിൽ നിന്ന് 205.39 മീറ്ററിലെത്തിയത്.
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. ഡൽഹിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ യമുനയുടെ ജലനിരപ്പ് അപായ നില കടന്നത് 204.57 മീറ്ററായി ഉയർന്നതായും സെൻട്രൽ വാട്ടർ കമ്മിഷന്‍ അറിയിച്ചു. 204.5 മീറ്ററാണ് അപായ നില. ബുധനാഴ്‌ച (ഓഗസ്റ്റ് 16) പുലർച്ചെ അഞ്ച് മണിയോടെ ജലനിരപ്പ് 205 മീറ്ററായി ഉയര്‍ന്നേക്കാമെന്ന് സെൻട്രൽ വാട്ടർ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജൂലൈ 13 ന് യമുന നദിയുടെ ജലനിരപ്പ് 208.66 മീറ്റര്‍ ആയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളവയില്‍ വച്ച് ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയത്.
ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ചില ഭാഗങ്ങളില്‍ മഴ കനത്തതോടെയാണ് യമുന നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പെയ്‌തുകൊണ്ടിരിക്കുന്ന മഴ കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടാക്കിയത്. ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ഇത് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് ദുരന്തനിവാരണ വകുപ്പ് അറിയിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ. ഇത് വരും ദിവസങ്ങളിൽ വർധിച്ചേക്കാമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശക്തമായ മഴയാണ് ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും പല ജില്ലകളിലും അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രികാല യാത്രകള്‍ക്ക് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മഴക്കെടുതി നേരിടുന്ന ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ദുരന്ത മേഖലകളില്‍ എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ സേന എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. മഴക്കെടുതി രൂക്ഷമായ ഹിമാചല്‍ പ്രദേശിനെ ദുരന്ത ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ വീര്‍ഭദ്ര സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.