ഭഗല്‍പുര്‍ (ബിഹാര്‍): ബോക്‌സോഫിസുകളെ പൂരപ്പറമ്പാക്കി കടന്നുപോകുന്ന ഷാരൂഖ് ഖാന്‍ ചലച്ചിത്രമാണ് 'പഠാന്‍'. റിലീസ് ദിനം മുതല്‍ കലക്ഷന്‍ തുകകളില്‍ വന്‍ കുതിച്ചുചാട്ടം നടത്തി മുന്നേറുന്ന ചിത്രത്തിന് അടുത്തകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. അങ്ങനെയിരിക്കെ കിങ് ഖാന്‍റെ ബിഗ് സ്‌ക്രീനിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ നേരില്‍ക്കാണാന്‍ സഹോദരന്‍റെ ചുമലില്‍ കയറിയെത്തിയിരിക്കുകയാണ് ഒരു കടുത്ത ആരാധകന്‍.
ഒഴുക്കുകളെ അതിജീവിക്കാന്‍: ബിഹാറിലെ ഭഗല്‍പുര്‍ ലക്ഷ്‌മിസ്‌റായ് സ്വദേശിയും ഭിന്നശേഷിക്കാരനുമായ മൊഹമ്മദ് റസ്‌തോമാണ് തന്‍റെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം കാറ്റില്‍ പറത്തി സഹോദരന്‍ സജ്ജാദിന്‍റെ ചുമലില്‍ കയറി 'പഠാന്‍' കാണാന്‍ തിയേറ്ററിലെത്തിയത്. പഠാന്‍ റിലീസിന്‍റെ അന്നുതന്നെ സിനിമ കാണാന്‍ റസ്‌തോം ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ തള്ളിക്കയറ്റവും ടിക്കറ്റിന്‍റെ അഭാവവും കാരണം അന്ന് അത് നടക്കാതെ പോവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു മാര്‍ഗവും കാണാതായപ്പോഴാണ് സഹോദരന്‍റെ ചുമലില്‍ കയറി റസ്‌തോം തിയേറ്ററിലേക്കെത്താം എന്നതിലേക്കെത്തുന്നത്.
മാര്‍ഗം റെഡി, ലക്ഷ്യം അകലെ തന്നെ: എന്നാല്‍ റസ്‌തോമിന് മുന്നിലുള്ള പ്രതിസന്ധി അപ്പോഴും പൂര്‍ണമായും നീങ്ങിയില്ല. താമസിക്കുന്ന സ്ഥലത്തിനടുത്ത് ഒരിടത്തും തന്നെ പഠാന്‍ പ്രദര്‍ശനമില്ലെന്നറിഞ്ഞതോടെ റസ്‌തോം തളര്‍ന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. വിശദമായുള്ള അന്വേഷണത്തില്‍ കുറച്ച് അകലെയായി മറ്റൊരു കൊട്ടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് റസ്‌തോം മനസിലാക്കി. എന്നാല്‍ അവിടെ കടുത്ത തിരക്കിനൊപ്പമുള്ള കരിഞ്ചന്തയിലുള്ള ടിക്കറ്റ് വില്‍പനയും വീണ്ടും വിലങ്ങുതടിയായി.
സ്വപ്‌ന സാഫല്യം: ഒടുക്കം ആറ് മണിക്കൂര്‍ സഞ്ചരിച്ച് 150 കിലോമീറ്റര്‍ അകലെയുള്ള തിയേറ്ററിലെത്താന്‍ റസ്‌തോം തീരുമാനിക്കുകയായിരുന്നു. ആഗ്രഹം അറിയിച്ചപ്പോള്‍ അതിഥി തൊഴിലാളിയായ സഹോദരന്‍ സജ്ജാദ് മുടക്കമൊന്നും പറയാതായതോടെ ആ ആഗ്രഹം അവിടെ പൂവണിഞ്ഞു. അങ്ങനെ സഹോദരന്‍റെ ചുമലില്‍ കയറി ആദ്യം ഭഗല്‍പുരില്‍ നിന്ന് രാജ്‌മഹലിലേക്കും അവിടെ നിന്ന് മറ്റ് വാഹനങ്ങള്‍ മുഖേനയും സിനിമ പ്രദര്‍ശിപ്പിക്കുന്ന സംസീര്‍ ഹാളില്‍ എത്തിച്ചേരുകയായിരുന്നു.
വിവരം അറിഞ്ഞതോടെ തിയേറ്റര്‍ അധികൃതര്‍ ഇരുവര്‍ക്കും ടിക്കറ്റും ലഭ്യമാക്കി. തുടര്‍ന്ന് കിങ് ഖാന്‍റെ പകര്‍ന്നാട്ടം കണ്ടിറങ്ങിയ മൊഹമ്മദ് റസ്‌തോമിന്‍റെയും സഹോദരന്‍ സജ്ജാദിന്‍റെയും മുഖത്ത് വിരിഞ്ഞത് പഠാന്‍റെ കലക്ഷനെ വെല്ലുന്ന തിളക്കം.