ഹനുമകൊണ്ട : കനത്തമഴയിൽ മതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. സായംപേട്ട സ്വദേശികളായ മോർ പെദ്ദസാംബയ്യ (60), സരലക്ഷ്‌മി (50), ഭോഗി ജോഗമ്മ (65) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്‌ച (സെപ്‌റ്റംബർ 22) രാവിലെ തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലാണ് അപകടം (wall collapses in heavy rain in Hanumakonda ).
കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴയിൽ കുതിർന്ന മതിൽ ഏത് സമയവും നിലംപൊത്തും വിധത്തിലായിരുന്നു. ഇന്നലെ രാവിലെ ഈ വഴിയിലൂടെ നടന്നുപോയ സമയത്ത് മതിൽ ഇവരുടെ ദേഹത്തേക്ക് തകർന്നുവീഴുകയായിരുന്നു. ഇതേത്തുടർന്ന് ഇവർ മൂവരും ചെളിയിലും ഇഷ്‌ടികകള്‍ക്കിടയിലും അകപ്പെട്ടു. പ്രദേശവാസികളാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ പെദ്ദസാംബയ്യ, സരലക്ഷ്‌മി എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ജോഗമ്മ മരിച്ചത്. മരണപ്പെട്ട പെദ്‌സാംബയ്യ സിരിസിലയിൽ കൈത്തറി ജോലി ചെയ്‌തുവരികയായിരുന്നു. സരലക്ഷ്‌മിയും ജോഗമ്മയും കൂലിവേലക്കാരാണ്.
സ്ഥലം എസ്‌ഐ ദേവേന്ദർ സംഭവസ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മഴയിൽ നനഞ്ഞകുതിർന്ന ഭിത്തി അപകടാവസ്ഥയിലായത് ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലുകളും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.