ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തെരഞ്ഞെടുപ്പിൽ ആംആദ്‌മി പാര്‍ട്ടിയുടെയും ബിജെപിയുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആം ആദ്‌മി പാർട്ടി (എഎപി) ഇതുവരെ 107 ഉം ബിജെപി 83 ഉം കോൺഗ്രസ് 5 ഉം സീറ്റുകള്‍ നേടി.
നിലവിൽ എഎപി 30 സീറ്റുകളിലും ബിജെപി 19 സീറ്റുകളിലുമാണ് ലീഡ് നിലനിർത്തുന്നത്. സ്വതന്ത്ര സ്ഥാനാർഥികൾ ഒരു സീറ്റിൽ വിജയിക്കുകയും രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തുകയും ചെയ്യുന്നു.
ദേശീയ തലസ്ഥാനത്തെ 250 വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ നാലിനാണ് നടന്നത്. തെരഞ്ഞെടുപ്പിൽ 50 ശതമാനത്തോളം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 1,349 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ബിജെപി, എഎപി, കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരമാണ് നടന്നത്. ആം ആദ്‌മി പാർട്ടി വൻ വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. രണ്ടാം സ്ഥാനത്തായിരിക്കും ബിജെപിയെന്നുമാണ് പ്രവചനം. കോൺഗ്രസിന് വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രമേ ലഭിക്കൂവെന്നും എക്‌സിറ്റ് പോളുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
42 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 68 തെരഞ്ഞെടുപ്പ് നിരീക്ഷകരെയും കമ്മിഷൻ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഇവിഎം മെഷീൻ സംബന്ധമായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ (ഇസിഐഎൽ) 136 എഞ്ചിനീയർമാരെയും കമ്മിഷൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.