ബെംഗളൂരു: കർണാടകയില്‍ കോണ്‍ഗ്രസിന്‍റെ ഉജ്വല വിജയത്തിന് പിന്നാലെ, അടുത്ത മുഖ്യമന്ത്രിയാവാന്‍ കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന് കഴിയട്ടേയെന്ന ആശംസകള്‍ നേര്‍ന്ന് വൊക്കലിഗ സന്യാസിമാർ. ഹരിഹരപുര മഠത്തിലെ വൊക്കലിഗ സന്യാസിമാർ ഇന്ന് ബെംഗളൂരുവിലെ ഡികെയുടെ വസതിയിലെത്തിയാണ് ആശംസകള്‍ അറിയിച്ചത്. ശേഷം, തുംകുരുവിലെ സിദ്ധഗംഗ മഠത്തിലെത്തി കെപിസിസി അധ്യക്ഷൻ ലിംഗായത്ത് സന്യാസിയെ കണ്ടു.
'മഠം എനിക്ക് പുണ്യസ്ഥലമാണ്. സ്വാമിജി എപ്പോഴും വഴികാട്ടിയുമാണ്. ആദായനികുതി റെയ്‌ഡ് നടന്നപ്പോഴും സ്വാമിജി എനിക്ക് പൂർണമായും മാർഗനിർദേശം തന്നു. ഞാൻ 134 സീറ്റാണ് ചോദിച്ചത്. അതിൽ കൂടുതൽ ഞങ്ങള്‍ക്ക് ലഭിച്ചു' - കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ | കർണാടകയില്‍ കോൺഗ്രസ് സമാഹരിച്ചത് 43.2 ശതമാനം വോട്ട്, 5 നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഉയര്‍ന്ന നിരക്ക്
തന്‍റെ ആത്മീയ ഗുരുവായ 'അജ്ജയ്യ'യെ കാണാന്‍ ശിവകുമാർ കുടുംബത്തോടൊപ്പം നൊണാവിനാകെരെ (Nonavinakere) സന്ദർശിച്ചു. ലിംഗായത്തുകൾക്കുശേഷം വിലിയ സ്വാധീനമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല ജാതിവിഭാഗമാണ് വൊക്കലിഗ. കർണാടക ജനസംഖ്യയിലെ 16 ശതമാനം വൊക്കലിഗക്കാരാണ്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തനെന്ന നിലയില്‍ പേരെടുത്ത നേതാവാണ് ഡികെ ശിവകുമാർ.
മുഖ്യമന്ത്രിക്കായി കന്നഡ മണ്ണില്‍ പോസ്റ്റര്‍ യുദ്ധം: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ പിടിയിലായ സമയം പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുമെന്ന് ഡികെ പ്രതിജ്ഞയെടുത്തിരുന്നു. കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ 2020ൽ തന്നെ കാണാൻ മുതിർന്ന നേതാവ് സോണിയ ഗാന്ധി എത്തിയതിനെക്കുറിച്ച് ഇന്നലെ അദ്ദേഹം പറഞ്ഞത് ശ്രദ്ധേയമായിരുന്നു. കര്‍ണാടകയില്‍ കോൺഗ്രസിന്‍റെ വൻ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ശിവകുമാർ വ്യക്‌തമാക്കിയെങ്കിലും രണ്ടുപേരുടെയും അണികള്‍ തമ്മിൽ പോസ്റ്റർ പോരുണ്ടായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ നേതാക്കളെ പരിഗണിക്കണമെന്നാണ് പോസ്റ്റര്‍ പോരിലെ ആവശ്യം.
ALSO READ | 'സിദ്ധരാമയ്യയുമായി ഭിന്നതയില്ല'; പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചുവെന്ന് ഡികെ ശിവകുമാർ
ആരാവും കസേരയില്‍ ഇരിക്കുക: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം സ്വന്തമാക്കിയെങ്കിലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരാവും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോണ്‍ഗ്രസിന്‍റെ വിജയത്തിൽ മുഖ്യപങ്ക് വഹിച്ച പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാറും തമ്മിലാണ് മുഖ്യമന്ത്രി കസേരക്കായി മുന്നിലുള്ളത്. ഇപ്പോൾ സിദ്ധരാമയ്യയുമായി തനിക്ക് ഭിന്നതയില്ലെന്ന് വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഡികെ ശിവകുമാർ.
'സിദ്ധരാമയ്യയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് ചിലർ പറയുന്നു, സത്യത്തിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പാർട്ടിക്ക് വേണ്ടി പലതവണ ത്യാഗം സഹിച്ചു. ത്യാഗം സഹിച്ചും സഹായിച്ചും സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു. സിദ്ധരാമയ്യക്ക് പിന്തുണ നൽകിയിട്ടുണ്ട്. തുടർന്നും ആ സഹകരണം തുടരും' - തുംകൂരിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ ഡികെ ശിവകുമാർ പറഞ്ഞു.