വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണം നഗരത്തിൽ അപകടകരമാം വിധം ബൈക്ക് സ്റ്റണ്ട് നടത്തിയ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. നടുറോഡിൽ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് മണിക്കൂറുകളോളം 100ലേറെ യുവാക്കൾ ചേർന്ന് ബൈക്ക് സ്റ്റണ്ട് നടത്തിയത്. നൈറ്റ് ഔട്ട് എന്ന പേരിൽ നടത്തിയ ബൈക്ക് സ്റ്റണ്ടിൽ യുവാക്കൾ നടുറോഡിൽ യാത്രാതടസം സൃഷ്‌ടിച്ചു.
വഴി മാറാൻ ആവശ്യപ്പെട്ടതിന്‍റെ പേരിൽ ആന്ധ്രാപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡ്രൈവറെ മർദിക്കുകയും ബസിന് കേടുപാടുകൾ വരുത്തുകയും ചെയ്‌തു. ഇവർ മറ്റ് യാത്രക്കാരോട് തർക്കിക്കുകയും അവരെ റോഡിൽ തടയുകയും ചെയ്‌തു. പുലര്‍ച്ചെ 12 മണി മുതൽ മൂന്ന് മണി വരെ തിരക്കേറിയ വിശാഖപട്ടണം നഗരത്തിൽ യുവാക്കളുടെ ബൈക്ക് അഭ്യാസം തുടർന്നു. മണിക്കൂറുകളോളം ബൈക്ക് സ്റ്റണ്ട് നടത്തിയിട്ടും പൊലീസുകാർ ഇവരെ തടയാന്‍ എത്തിയില്ല.
പിന്നീടാണ് എട്ട് പേരെ അറസ്റ്റ് ചെയ്‌തത്. ബൈക്ക് സ്റ്റണ്ടിൽ ഏർപ്പെട്ട 35 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി സുമിത് സുനിൽ പറഞ്ഞു. ഇവരുടെ ബൈക്കുകളും പിടിച്ചെടുക്കുമെന്ന് ഡിസിപി അറിയിച്ചു.
അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിനും എപിഎസ്‌ആർടിസി ഡ്രൈവറെ മർദിച്ചതിനും ഉൾപ്പെടെ അഞ്ച് കേസുകളാണ് അറസ്റ്റിലായവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷൻ 353, 332, 148, r/w149 IPC പ്രകാരവും 198 ലെ പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ 3 പ്രകാരവുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.