മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ തന്‍റെ സഹതാരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും പ്രത്യേക അത്താഴ വിരുന്ന് ഒരുക്കി വിരാട് കോലി. മുംബൈയിലെ കോലിയുടെ റെസ്റ്റോറന്‍റായ വണ്‍ 8 കമ്മ്യൂണിയിലാണ് താരങ്ങൾക്ക് അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്. കോലിക്കൊപ്പം ഭാര്യ അനുഷ്‌ക ശർമയും അതിഥികളെ സ്വീകരിക്കാൻ റെസ്റ്റോറന്‍റിൽ എത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
അനുഷ്‌ക വെള്ള പാന്‍റിനൊപ്പം വരയുള്ള സ്ലീവ്‌ലെസ് ഷർട്ടും വിരാട് പ്രിന്‍റഡ് ഹാഫ് സ്ലീവ് ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിരുന്നിൽ പങ്കെടുത്തത്. ഇതിനിടെ റെസ്റ്റോറന്‍റിന് പുറത്ത് പാപ്പരാസികൾക്ക് വേണ്ടി ഇരുവരും പോസ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനിടെയുണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ പാപ്പരാസികളിൽ ഒരാൾ അനുഷ്‌കയെ 'സർ' എന്ന് വിളിക്കുകയുണ്ടായി. ഉടൻ തന്നെ 'വിരാട് മാം ഭി ബോൽ ദേ ഏക് ബാർ (വിരാട് 'മാം' എന്ന് ഒരുവട്ടം പറയൂ!)' എന്ന് കോലി തമാശ രൂപേണ പറയുകയുണ്ടായി. ഇത് അവിടെ കൂടി നിന്നവർക്കിടയിൽ കൂട്ടച്ചിരി ഉയർത്തുകയും ചെയ്‌തു. പിന്നാലെ ദമ്പതികൾ റെസ്റ്റോറന്‍റിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്‌തു.
അടുത്തിടെ അനുഷ്‌ക ശർമയുമൊത്തുള്ള മനോഹരമായൊരു ചിത്രം കോലി തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മനോഹരമായ ഓറഞ്ച് നിറത്തിലുള്ള വസ്‌ത്രം ധരിച്ച അനുഷ്‌കയ്‌ക്കൊപ്പം കറുത്ത ഷർട്ട് ധരിച്ച് സ്റ്റൈലൻ ലുക്കിലാണ് കോലി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് ലൗ ഇമോജികളാണ് ചിത്രത്തിന് താഴെ കോലി ക്യാപ്‌ഷനായി നൽകിയിരിക്കുന്നത്.
നിലവിൽ ഐപിഎല്ലിന്‍റെ തിരക്കിലാണ് കോലി. ഇതിനിടെ ബാംഗ്ലൂർ -ലഖ്‌നൗ മത്സരത്തിനിടെ അഫ്‌ഗാൻ പേസർ നവീൻ ഉൾ ഹക്കുമായി കൊമ്പ് കോർത്തതിന് പിന്നാലെ കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം കോലി ഇൻസ്റ്റഗ്രാമിൽ അമേരിക്കന്‍ നടനും കൊമേഡിയനുമായ കെവിന്‍ ഹാര്‍ട്ടിന്‍റെ വീഡിയോ പങ്കുവെച്ചിരുന്നു.
'നിങ്ങള്‍ക്ക് എത്രത്തോളം വൈകാരികതയുണ്ട്, എത്രത്തോളം നിങ്ങള്‍ക്ക് മുറിവേറ്റു എന്നിരുന്നാലും ജീവിതം മുന്നോട്ടുപോകണം. വിദ്വേഷം, നെഗറ്റീവിറ്റി എന്നിവയില്‍ നിന്നെല്ലാം മാറിനില്‍ക്കുക. കാരണം, ഞാന്‍ ഒരുപാട് പോസിറ്റീവ് കാര്യങ്ങളിലാണ് ജീവിക്കുന്നത്'. എന്ന് കെവിൻ പറയുന്ന വീഡിയോയിലൂടെ കോലി നവീനെയാണ് ലക്ഷ്യം വച്ചത് എന്നാണ് ആരാധകരുടെ വാദം.
ബിഗ് സ്‌ക്രീനിൽ തിരിച്ചെത്താൻ അനുഷ്‌ക: അതേസമയം ചക്‌ദേ എക്‌സ്പ്രസ് എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് അനുഷ്‌ക ശർമ. വർഷങ്ങൾക്ക് ശേഷമുള്ള അനുഷ്‌കയുടെ തിരിച്ച് വരവ് കൂടിയാണ് ചക്‌ദേ എക്‌സ്പ്രസ്. ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം അഭിനയിച്ച് 2018ൽ പുറത്തിറങ്ങിയ 'സീറോ' ആയിരുന്നു അനുഷ്‌കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം
അനുഷ്‌കയുടെ സഹോദരൻ കർണേഷ് ശർമ നിർമിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ വേഷമാണ് അനുഷ്‌കയ്‌ക്ക്. പ്രോസിത് റോയ് സംവിധാനം ചെയ്‌ത ബയോപിക് ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെറ്റിഫ്ലിക്‌സ് ചിത്രമായ 'ഖാല'യിൽ അതിഥി വേഷത്തിൽ അനുഷ എത്തിയിരുന്നു. സഹോരദരൻ കർണേഷ് ശർമ തന്നെയായിരുന്നു 'ഖാല'യുടെ നിർമാണം.