ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ എല്ലാ ബിജെപി എംഎൽഎമാർക്കും സുരക്ഷ ഒരുക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സംബന്ധിച്ച് രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുള്ളിൽ ഭിന്നത. ഒരു സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയുടെ എല്ലാ എംഎൽഎമാർക്കും സുരക്ഷാ പരിരക്ഷ നൽകാനുള്ള കേന്ദ്രത്തിന്‍റെ നീക്കം വിചിത്രമാണെന്നാണ് പല മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിപ്രായം.
കേന്ദ്രത്തിന്‍റെ തീരുമാനത്തിൽ ഭിന്നത പ്രകടിപ്പിച്ച് വിദഗ്‌ധർ
ഇത്രയും വലിയ തോതിൽ എംഎൽഎമാർക്ക് സുരക്ഷ നൽകുന്ന സംഭവം രാജ്യത്ത് മുമ്പ് ഉണ്ടായിട്ടില്ല എന്ന് റിട്ടയേർഡ് ഇന്ത്യൻ പൊലീസ് സർവീസ് ഓഫീസർ പ്രകാശ് സിങ് പറഞ്ഞു. സാധാരണഗതിയിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയ ശേഷമാണ് സേനയെ വിന്യസിക്കുന്നതെങ്കിലും ചില സന്ദർഭങ്ങളിൽ കേന്ദ്രസർക്കാർ നേരിട്ട് നിശ്ചയിക്കുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അതിന് മതിയായ കീഴ്‌വഴക്കങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിആർപിഎഫ് തലവനായി വിരമിച്ച മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ അഭിപ്രായത്തിൽ പൊതുവേ ഇത്തരത്തിൽ സുരക്ഷ നൽകുന്നത് ഏതെങ്കിലും വിധത്തിലുള്ള ഭീഷണി നിലനിൽക്കുകയോ അല്ലെങ്കിൽ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ മൂലമോ ആണ്. ജമ്മു കശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ കലാപം വർധിച്ച സാഹചര്യത്തിൽ ഇത് പ്രാവർത്തികമാക്കിയതായും അദ്ദേഹം ഓർമപ്പെടുത്തി.
പശ്ചിമ ബംഗാളിലെ 61 ബിജെപി എംഎൽഎമാർക്ക് കൂടി സിഐഎസ്‌എഫിന്‍റെ ‘എക്‌സ്’ കാറ്റഗറി വിഐപി സുരക്ഷാ പരിരക്ഷ ഉറപ്പാക്കിയതോടെ ബിജെപിയുടെ 77 എംഎൽഎമാരും കേന്ദ്ര സുരക്ഷാ സേനയുടെ സംരക്ഷണയിൽ വരുന്നു. ഇവരിൽ ചിലർക്ക് നേരത്തെ തന്നെ കേന്ദ്രസേന സുരക്ഷ നൽകിയിരുന്നു. ഈ മാസം ആദ്യം പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെത്തുടർന്ന് ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങൾക്കും അനുയായികൾക്കുമെതിരെ വലിയ പ്രതിഷേധങ്ങളും അക്രമങ്ങളുമാണ് ഉണ്ടായത്.
കേന്ദ്രത്തിന്‍റേത് അധികാര ദുർവിനിയോഗം
അതേസമയം പശ്ചിമ ബംഗാളിലെ എല്ലാ ബിജെപി എംഎൽഎമാർക്കും സുരക്ഷ നൽകാനുള്ള തീരുമാനത്തെ കേന്ദ്രസർക്കാരിന്‍റെ അധികാര ദുർവിനിയോഗമാണെന്ന് റിട്ടയേർഡ് പൊലീസ് ഓഫീസറും മുൻ പൊലീസ് ഡയറക്‌ടറുമായ കെ.എസ്. സുബ്രഹ്മണ്യൻ പറഞ്ഞു. ഭീഷണി വിലയിരുത്തി വിഐപികൾക്ക് സുരക്ഷ ഒരുക്കുക എന്നത് ബ്യൂറോയുടെ ജോലിയാണ്. എന്നാൽ ഇത് വിഐപി സുരക്ഷയല്ല, മറിച്ച് അർഹതയില്ലാത്തവർക്കാണ് കേന്ദ്രം വ്യക്തിഗത സുരക്ഷയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഒരു പ്രത്യേക നടപടിക്രമം പാലിച്ചാണ് കേന്ദ്ര സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാരിന്‍റെ വൃത്തങ്ങൾ അറിയിച്ചു.
വിവേചനാധികാരമെന്ന് ആരോപിച്ച് മാത്യു ഇഡിക്കുള
പശ്ചിമ ബംഗാളിൽ ബിജെപി പ്രതിപക്ഷസ്ഥാനത്തായതിനാലും അതേ ബിജെപി തന്നെ കേന്ദ്രം ഭരിക്കുന്നതിനാലും തീരുമാനമെടുക്കുന്ന പ്രക്രിയയിൽ പക്ഷപാതമുണ്ടാകാമെന്ന് ബംഗളൂരു ആസ്ഥാനമായുള്ള അഭിഭാഷകനും സെന്‍റർ ഫോർ ലോ ആന്‍റ് പോളിസി റിസർച്ചിന്‍റെ ഗവേഷണ ഉപദേഷ്‌ടാവുമായ മാത്യു ഇഡിക്കുള അഭിപ്രായപ്പെടുന്നു. കേന്ദ്ര സുരക്ഷയുടെ കാര്യത്തിൽ സിഐഎസ്‌എഫ്, എസ്‌പിജി, ഇസഡ് എന്നിങ്ങനെ ഏത് വിഭാഗമായാലും അത് നിർണയിക്കുന്നത് കേന്ദ്രസർക്കാർ മാത്രമാണ്. കൂടാതെ പ്രതിപക്ഷ നേതാക്കളാണ് ഭീഷണി നേരിടുന്നതെങ്കിൽ പോലും അത് വിശകലനം ചെയ്യുന്നത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. ബിജെപി സംസ്ഥാനത്ത് പ്രതിപക്ഷമാണെങ്കിൽ പോലും പാർട്ടിക്ക് കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ അവർ അത് കൃത്യമായ രീതിയിൽ ഉപയോഗിച്ചു. ഇത് നൂറ് ശതമാനം വിവേചനപരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. പല സംസ്ഥാനങ്ങളിലും ബിജെപി ഭരണകക്ഷിയാണ്. ആ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ എംഎൽഎമാർക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം സംസ്ഥാനത്തെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ തടയുന്നതിൽ മമത ബാനർജി സർക്കാർ പരാജയപ്പെട്ടുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് സിങ് ആരോപിച്ചു.
Also Read: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം