ന്യൂഡല്‍ഹി: രാമനവമി ഘോഷയാത്രയെ തുടര്‍ന്ന് ഡല്‍ഹിയിലെ ജാഹാംഗീര്‍പുരിയില്‍ ഉള്‍പ്പെടെയുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. ഹര്‍ജിയിലെ ഇത്തരം ആവശ്യങ്ങള്‍ കോടതിക്ക് അനുവദിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞാണ് ഹര്‍ജി ബെഞ്ച് തള്ളിയത്
മധ്യപ്രദേശിലും ഡല്‍ഹിയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നടന്ന ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്ത സംഭവങ്ങളിലും ജുഡീഷ്യല്‍ കമ്മീഷന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റുന്നതെന്ന് അധികൃതര്‍ പറയുമ്പോഴും വര്‍ഗീയ ലഹള നടന്ന സ്ഥലങ്ങളില്‍ ന്യൂനപക്ഷ വിഭഗക്കാരെ ലക്ഷ്യം വച്ചാണ് നടപടിയെന്നാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. ഡല്‍ഹിയിലെ ജാഹാംഗീര്‍പുരിയില്‍ പള്ളിക്കടുത്തുള്ള കവാടവും കെട്ടിടങ്ങളും ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. സുപ്രീംകോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് പൊളിക്കല്‍ അവസാനിപ്പിച്ചത്.