ന്യൂഡൽഹി: ലോക്‌സഭയുടെയും രാജ്യസഭയുടെയും പൊതുകാര്യ പരിപാടികളുടെ തൽസമയ സംപ്രേഷണം ലക്ഷ്യമാക്കുന്ന സൻസദ് ടിവി ബുധനാഴ്‌ച രാജ്യത്തിന് സമർപ്പിക്കും. ഉപരാഷ്‌ട്രപതിയും രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭ സ്‌പീക്കർ ഓം ബിർല എന്നിവർ ചേർന്ന് ബുധനാഴ്‌ച വൈകിട്ട് ആറ് മണിക്ക് പാർലമെന്‍റ് മന്ദിരത്തിലെ മെയിൻ കമ്മിറ്റി റൂമിൽ വച്ച് ഉദ്‌ഘാടനം ചെയ്യും.
ഇന്ന് അന്താരാഷ്‌ട്ര ജനാധിപത്യ ദിനത്തിൽ സൻസദ് ടിവിയുടെ ഉദ്‌ഘാടനം നിർവഹിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അറിയിപ്പ്. 2021 ഫെബ്രുവരിയിലാണ് ലോക്‌സഭ, രാജ്യസഭ ടിവി ചാനലുകൾ ലയിപ്പിച്ച് സൻസദ് ടെലിവിഷൻ എന്ന പുതിയ ചാനലിനായി തീരുമാനിച്ചത്. മാർച്ച് മാസത്തിൽ സൻസദ് ടിവിയ്‌ക്ക് സിഇഒയെ നിയമിച്ചിരുന്നു.
Also Read: ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് വെടിയേറ്റ് മരിച്ച നിലയില്‍
നാല് ഭാഷകളിലായാണ് സൻസദ് ടിവിയുടെ സംപ്രേഷണം. പാർലമെന്‍റിന്‍റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം, ഭരണനിർവഹണം, പദ്ധതികൾ/നയങ്ങൾ, ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും, സമകാലിക വിഷയങ്ങളിലെ പ്രശ്‌നങ്ങൾ/താൽപര്യങ്ങൾ/ആശങ്കകൾ എന്നിവയാണ് സൻസദ് ടിവിയിലെ പരിപാടികളുടെ ഉള്ളടക്കം.