മുംബൈ: ബോളിവുഡ്, മറാഠി സിനിമകളിലെ എണ്ണമറ്റ അമ്മ വേഷങ്ങളിലൂടെ പ്രശസ്‌തയായ നടി സുലോചന ലാട്‌കറുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തിങ്കളാഴ്‌ച ശിവാജി പാർക്ക് ശ്‌മശാനത്തിൽ സംസ്ഥാന ബഹുമതികളോടെയാണ് നടിയെ സംസ്‌കരിച്ചത്. സുലോചനയുടെ ഏക മകൾ കാഞ്ചൻ ഘനേക്കറാണ് നടിയുടെ അന്ത്യകർമങ്ങൾ നിർവഹിച്ചത്.
'വൈകിട്ട് 5.30നും 5.45നും ഇടയ്‌ക്ക് സംസ്ഥാന ബഹുമതികളോടെയാണ് നടിയുടെ സംസ്‌കാരം നടത്തിയത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. സൊണാലി കുൽക്കർണി, സഞ്ജയ് മഞ്ജരേക്കർ, മഹേഷ് കോത്താരി, സച്ചിൻ പിൽഗാവോങ്കർ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.' -സുലോചന ലാട്‌കറുടെ ചെറുമകന്‍ പരാഗ് അജ്‌ഗാവ്‌കര്‍ പിടിഐയോട് പറഞ്ഞു.
വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈ ഡാഡറിലെ ശുശ്രുഷ ആശുപത്രിയില്‍ വച്ച് ഞായറാഴ്‌ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു നടി. 94-ാം വയസ്സിലാണ് നടി ഈ ലോകത്തോട് യാത്ര പറഞ്ഞ് പോയത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എംഎൻഎസ് മേധാവി രാജ് താക്കറെ, നടൻ ജാക്കി ഷ്റോഫ്, നടൻ സച്ചിൻ പിൽഗാവോങ്കർ എന്നിവർ നടിയുടെ പ്രഭാദേവിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
1940കളിലാണ് സുലോചന ലാട്‌കര്‍ തന്‍റെ കരിയർ ആരംഭിച്ചത്. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ 250ലധികം സിനിമകളിൽ അഭിനയിച്ചു. 'നാഗിൻ', 'ബന്ദിനി', 'ദിൽ ദേക്കേ ദേഖോ', തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു സുലോചന ലാട്‌കര്‍. 'സസർവാസ്', 'വാഹിനിച്യ ബംഗ്ദ്യ', 'ധക്തി ജൗ' തുടങ്ങി മറാഠി ചിത്രങ്ങളിലൂടെയും 'ആയേ ദിൻ ബഹർ കേ', 'ഗോരാ ഔർ കാലാ', 'ദേവർ', 'തലാഷ്', 'ആസാദ്' എന്നീ ഹിന്ദി സിനിമകളിലൂടെയുമാണ് സുലോച ലാട്‌കര്‍ പ്രശസ്‌തയായത്.
1960, 1970, 1980 കാലങ്ങളില്‍ നടി ബോളിവുഡ് സിനിമകളില്‍ അമ്മ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബോളിവുഡിലെ സ്‌നേഹനിധിയായ അമ്മ എന്നാണ് സുലോചന ലാട്‌കര്‍ അറിയപ്പെടുന്നത്. സുനിൽ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന എന്നീ മൂന്ന് താരങ്ങളുടെ അമ്മ വേഷം ചെയ്യുന്നത് തനിക്ക് ഇഷ്‌ടമായിരുന്നുവെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തിൽ അവര്‍ പറഞ്ഞിരുന്നു.
ബോളിവുഡില്‍ നാസിര്‍ ഹുസൈൻ, ത്രിലോക് കപൂർ, അശോക് കുമാർ എന്നിവരുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. സുനിൽ ദത്ത്, ദേവ് ആനന്ദ്, രാജേഷ് ഖന്ന, ദിലീപ് കുമാർ, അമിതാഭ് ബച്ചൻ എന്നിവരുൾപ്പെടെ ആ കാലഘട്ടത്തിലെ എല്ലാ പ്രധാന താരങ്ങൾക്കൊപ്പവും സുലോചന പ്രവർത്തിച്ചിട്ടുണ്ട്.
ദേവ് ആനന്ദ് സിനിമകളിലും അവർ സ്ഥിര സാന്നിധ്യമായിരുന്നു. ദേവ് ആനന്ദിന്‍റെ അമ്മയായോ ബന്ധുവായോ മിക്ക്യ സിനിമകളിലും പ്രത്യക്ഷപ്പെട്ടു. ഹീര, രേഷ്‌മ ഔർ ഷേര, ജാനി ദുഷ്‌മൻ, ജബ് പ്യാർ കിസീസെ ഹോതാ ഹേ, ജോണി മേരാ നാം, കതി പതംഗ്, മേരെ ജീവൻ സാത്തി, പ്രേം നഗർ, ഭോല ഭാല തുടങ്ങിയവയാണ് സുലോചന അഭിനയിച്ച ബോളിവുഡ് ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റുകൾ.
Also Read: 'ബോളിവുഡിലെ സ്‌നേഹനിധിയായ അമ്മ'; പ്രശസ്‌ത ഹിന്ദി, മറാഠി നടി സുലോചന ലാട്‌കര്‍ അന്തരിച്ചു