കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി ഭക്ഷണം എത്തിക്കുന്ന വാഹനത്തിന് തീ പിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം.
വെള്ളിയാഴ്‌ച രാത്രി പുരുലിയ ജില്ലയിലെ ബന്ദ്‌വാനിലാണ് സംഭവം. വനത്തിൽ നിന്ന് പുറത്തേക്കു വന്ന ഒരു സംഘം വാഹനം തടയുകയും പെട്രോൾ മുക്കിയ വസ്‌തു വാഹനത്തിലേക്ക് എറിയുകയും ചെയ്‌തുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. വാഹനം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.