പിലിഭിത്ത് (യുപി): യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യത്തെ വിമര്‍ശിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെയെത്തിക്കുന്നത് ഔദാര്യമല്ല, മറിച്ച് ഉത്തരവാദിത്തമാണെന്ന് വരുണ്‍ ഗാന്ധി വിമര്‍ശിച്ചു. യുക്രൈനിലെ ദുരിതം വിവരിക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബിജെപി എംപിയുടെ പ്രതികരണം.
'ഉചിതമായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാത്തതിനാൽ 15,000ത്തിലധികം വിദ്യാർഥികൾ ഇപ്പോഴും യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. എല്ലാ ദുരന്തങ്ങളിലും അവസരം കണ്ടെത്തരുത്,' വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കീവിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന് വരുണ്‍ ഗാന്ധി പങ്കുവച്ച വീഡിയോയില്‍ വിദ്യാര്‍ഥി ആരോപിക്കുന്നുണ്ട്. റൊമേനിയൻ അതിർത്തിയിൽ പെൺകുട്ടികൾ ക്രൂരമായി മർദിക്കപ്പെടുന്നതിന്‍റെ വീഡിയോ ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തുവെന്നും കീവില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളോട് ട്രെയിൻ വഴി പോകാൻ ആവശ്യപ്പെട്ടുവെന്നും വിദ്യാര്‍ഥി പറയുന്നു.
നിര്‍ദേശം നല്‍കുന്നതിന് പകരം ഫോണ്‍ കോളുകള്‍ കട്ട് ചെയ്യുകയാണെന്നും പൂര്‍ണമായും അവഗണിക്കുകയാണെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു. 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലേക്ക് എത്താനാണ് നിർദേശിച്ചിരിക്കുന്നതെന്നും അത് സാധ്യമല്ലെന്നും വിദ്യാര്‍ഥി പറയുന്നു. എല്ലാ രാജ്യങ്ങളിലെയും സർക്കാരുകൾ അവരുടെ പൗരന്മാരെ ഒഴിപ്പിച്ചു, പക്ഷേ ഇന്ത്യൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വിദ്യാർഥി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്ന രക്ഷാദൗത്യ പദ്ധതികൾ പൗരന്മാരെയും കുടുംബങ്ങളെയും അറിയിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. യുക്രൈനിൽ വിദ്യാർഥികളെ സൈനികർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
Read more: യുക്രൈൻ രക്ഷാദൗത്യം; ഓപ്പറേഷൻ ഗംഗ ഊർജിതമാക്കണമെന്ന് രാഹുൽ ഗാന്ധി