സ്പൈ ത്രില്ലർ സീരീസ് 'സിറ്റഡലി'ന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെര്‍ബിയയിലാണിപ്പോള്‍ ബോളിവുഡ് താരങ്ങളായ വരുൺ ധവാനും സിക്കന്ദർ ഖേറും. സെര്‍ബിയയില്‍ 'സിറ്റഡലി'നായുള്ള തീവ്രമായ ആക്ഷൻ പരിശീലനത്തിലാണിപ്പോള്‍ താരങ്ങള്‍.
'സിറ്റഡല്‍ സീരീസിന് വലിയ ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാകും. ഇതൊരു സ്‌പൈ ത്രില്ലര്‍ സീരീസ് ആയതിനാല്‍ ഫൈറ്റ് സീക്വൻസുകളിലും മറ്റും ഒരു പ്രത്യേക വേഗത ഉണ്ടായിരിക്കണം. അതിനുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. സീരീസിനായുള്ള ചിത്രീകരണം ജൂലൈ വരെ തുടരും.' -സിറ്റഡല്‍ ടീമുമായി ബന്ധപ്പെട്ട ഒരു സ്രോതസ് വെളിപ്പെടുത്തി.
സിറ്റഡല്‍ സീരീസിനെ കുറിച്ച് മുമ്പൊരിക്കല്‍ തെന്നിന്ത്യന്‍ താരം സാമന്ത തന്‍റെ ആവേശം പങ്കുവച്ചിരുന്നു. 'ആമസോണ്‍ പ്രൈം വിഡിയോയും രാജും ഡികെയും ഈ പ്രോജക്‌ടുമായി എന്നെ സമീപിച്ചപ്പോൾ, അതൊരു ഹൃദയമിടിപ്പോടെ ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു! ഈ ടീമിനൊപ്പം 'ദി ഫാമിലി മാനിൽ' പ്രവർത്തിച്ച ശേഷം, ഇത് എനിക്ക് ഒരു ഗൃഹപ്രവേശനമാണെന്നാണ് തോന്നിയത്.' -ഇപ്രകാരമാണ് സിറ്റഡലിനെ കുറിച്ച് സാമന്ത പറഞ്ഞത്.
'ലോകമെമ്പാടുമുള്ള നിർമ്മാണങ്ങൾ തമ്മിലുള്ള പരസ്‌പരബന്ധിതമായ കഥാ സന്ദർഭമാണ് സിറ്റഡൽ യൂണിവേഴ്‌സ്. ഏറ്റവും പ്രധാനമായി, ഇന്ത്യൻ ഇൻസ്‌റ്റോള്‍മെന്‍റിന്‍റെ സ്‌ക്രിപ്റ്റ് എന്നെ ശരിക്കും ഉത്തേജിപ്പിച്ചു. റുസ്സോ ബ്രദേഴ്‌സിന്‍റെ എജിബിഒ വിഭാവനം ചെയ്‌ത ഈ ബ്രില്യന്‍റ് യൂണിവേഴ്‌സിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ത്രില്ലിലാണ്. ഈ പ്രോജക്‌റ്റിലൂടെ ആദ്യമായി വരുണിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്'-സാമന്ത കൂട്ടിച്ചേര്‍ത്തു.
രാജും ഡികെയും ചേർന്ന് സംവിധാനം ചെയ്‌ത സ്പൈ ത്രില്ലറില്‍ സാമന്ത റൂത്ത് പ്രഭുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിറ്റഡല്‍ ഇന്ത്യൻ പതിപ്പിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
റുസ്സോ ബ്രദേഴ്‌സിന്‍റെ അന്താരാഷ്‌ട്ര പതിപ്പ് 'സിറ്റഡലി'ന്‍റെ ഇന്ത്യൻ രൂപാന്തരമാണ് അതേ പേരിലുള്ള സീരീസ്. ഗ്ലോബല്‍ ഐക്കണ്‍ പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനുമാണ് അന്താരാഷ്ട്ര പതിപ്പിലെ കേന്ദ്രകഥാപാത്രങ്ങള്‍.
അടുത്തിടെ വിമാനത്താവളത്തില്‍ നിന്നുള്ള വരുണ്‍ ധവാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇളം തവിട്ട് നിറത്തിലുള്ള ടീ-ഷർട്ടും, ബീജ് നിറത്തിലുള്ള ഒരു വേനൽക്കാല തൊപ്പിയും ധരിച്ച് വളരെ കൂളായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചിത്രം പങ്കുവച്ചത്. ഒപ്പം ഒരു അടിക്കുറിപ്പും നല്‍കിയിരുന്നു. 'അവസാന ഷെഡ്യൂൾ സ്പൈവേഴ്‌സ്' - എന്നാണ് വരുണ്‍ ധവാന്‍ കുറിച്ചത്.
അതേസമയം സിറ്റഡലിന്‍റെ അവസാന ഷെഡ്യൂളിനായി താരം എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് പോസ്‌റ്റില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ താരത്തിന്‍റെ ഈ യാത്ര സെര്‍ബിയയിലേയ്‌ക്കാണെന്ന് സൂചന ലഭിച്ചിരുന്നു.
'ബാവല്‍' ആണ് വരുണ്‍ ധവാന്‍റേതായി റിലീസൊരുങ്ങുന്ന മറ്റൊരു പുതിയ പ്രോജക്‌ട്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാന്‍റെ നായികയായെത്തുന്നത് ജാൻവി കപൂറുമാണ്. വരുണ്‍ ധവാന്‍റെയും ജാൻവിയുടെയും ആദ്യ ഓൺ-സ്‌ക്രീൻ സഹകരണം കൂടിയാണ് 'ബാവൽ'.
2023 ഒക്ടോബർ 6ന് ചിത്രം റിലീസ് ചെയ്യും. നേരത്തെ 2023 ഏപ്രിൽ 7ന് തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു നിര്‍മാതാക്കള്‍ നിശ്ചയിച്ചിരുന്നത്. വിഎഫ്‌എക്‌സും സാങ്കേതിക ആവശ്യകതകളും കണക്കിലെടുത്താണ് സിനിമയുടെ റിലീസ് നിര്‍മാതാക്കള്‍ നീട്ടിവച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ലഖ്‌നൗവിൽ ചിത്രീകരണം ആരംഭിച്ച ചിത്രം പിന്നീട് നെതർലൻഡിലെ ആംസ്‌റ്റർഡാമിലായിരുന്നു ചിത്രീകരണം.
Also Read: സിറ്റഡലിന്‍റെ അവസാന ഷെഡ്യൂളിനൊരുങ്ങി വരുണ്‍ ധവാന്‍; എയര്‍പോര്‍ട്ട് ചിത്രം വൈറല്‍