ശ്രീകാകുളം (ആന്ധ്രാപ്രദേശ്): വരനെ വധു താലി ചാർത്തുന്ന ഒരു ഗ്രാമം എന്ന് കേട്ടാൽ അതിശയം തോന്നുമോ... എന്നാൽ സംശയിക്കേണ്ട അങ്ങനെയൊരു ഗ്രാമമുണ്ട്. ആന്ധ്രാപ്രദേശിലെ വജ്രപുകൊതുരു ഗ്രാമത്തിലാണ് വധു വരനെയും താലി ചാർത്തുന്നത്. ഗ്രാമത്തിലെ ആചാരങ്ങളുടെ ഭാഗമായാണ് താലിക്കെട്ടൽ.
പെണ്‍കുട്ടികളെയോ, ആണ്‍കുട്ടികളെയോ പുറത്ത് എവിടെയും വിവാഹം ചെയ്‌ത് അയക്കില്ല എന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഗ്രാമത്തിലുള്ളവർ തന്നെ പരസ്‌പരം വിവാഹം ചെയ്യണമെന്നാണ് വർഷങ്ങളായുള്ള നിയമം. ഏകദേശം 500 കുടുംബങ്ങളാണ് വജ്രപുകൊതുരുവിൽ ഉള്ളത്. മത്സ്യബന്ധനമാണ് പ്രധാന ഉപജീവനമാർഗം.
കഴിഞ്ഞ ദിവസം നടന്ന കൂട്ട വിവാഹ ചടങ്ങിലൂടെയും വജ്രപുകൊതുരു വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് കഴിഞ്ഞു. 45 ദമ്പതികളാണ് സമൂഹ വിവാഹത്തിലൂടെ കഴിഞ്ഞ ദിവസം ഇവിടെ ഒന്നായത്. ജില്ലയുടെ വിവിധ ഭാഗത്തുനിന്നുള്ള ആളുകളും വജ്രപുകൊതുരുവിലെ ഈ വ്യത്യസ്‌ത വിവാഹ ചടങ്ങുകള്‍ കാണാൻ എത്തിയിരുന്നു.