ന്യൂഡല്‍ഹി : ശിവലിംഗം കണ്ടെത്തിയെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്ന ഗ്യാന്‍വാപി മസ്‌ജിദിന് സുരക്ഷ ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വാരാണസി ജില്ല മജിസ്‌ട്രേറ്റിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മസ്‌ജിദിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ജുമാൻ ഇന്റസാമിയ മസ്‌ജിദ് കമ്മിറ്റി ഓഫ് മാനേജ്‌മെന്റിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെത്തി എന്ന് പറയുന്ന ഗ്യാന്‍വാപി ശ്രിംഗ ഗൗരി കോംപ്ലക്സിന് സംരക്ഷണം നല്‍കാനാണ് നിര്‍ദേശം.
Also Read: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: റിപ്പോര്‍ട്ട് സമർപ്പിക്കാന്‍ കൂടുതല്‍ സമയം തേടി കമ്മിഷന്‍
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. മുസ്ലിം വിശ്വാസികളുടെ നമസ്കാരത്തിന് യാതൊരു തടസവും വരുത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം കേസില്‍ വാരാണസി കോടതിയുടെ നടപടികളെ തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസില്‍ ഹര്‍ജിക്കാര്‍ക്ക് നോട്ടിസ് അയച്ച കോടതി മെയ് 19ന് കേസ് പരിഗണിക്കുമെന്നും അറിയിച്ചു.