ചെന്നൈ: 'രാവിലെ പതിവുപോലെ 10.15നാണ് വീട്ടിലെത്തിയത്. വാതില്‍ തുറക്കാനായി അഞ്ച് തവണ കോളിങ് ബെല്ലടിച്ചു. വാതില്‍ തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികളെയും പിന്നീട് ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാണി ജയറാമിന്‍റെ വീട്ടിലെ ജോലിക്കാരി മലർകൊടി മാധ്യമങ്ങളോട് പറഞ്ഞു'.
പിന്നീട് പൊലീസിന് ഫോൺ ചെയ്‌തു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ തറയില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. നെറ്റിയില്‍ മുറിവുണ്ടായിരുന്നതായും മലർകൊടി പറഞ്ഞു'. കഴിഞ്ഞ ദിവസങ്ങളിലൊക്കെ സന്തോഷവതിയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ പത്മഭൂഷൺ ലഭിച്ച വിവരം അറിഞ്ഞശേഷം നിരവധി ആളുകൾ വന്നിരുന്നു. ഫോൺ കോളുകൾ എല്ലാം എടുത്ത് മറുപടി പറഞ്ഞിരുന്നതായും മലർകൊടി മാധ്യമങ്ങളോട് പറഞ്ഞു.
കട്ടിലിന്‍റെ സമീപത്ത് കിടന്ന ടീപ്പോയില്‍ തലയടിച്ചുവീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ നുങ്കമ്പാക്കത്തെ വീട്ടിലാണ് പ്രശസ്‌ത ഗായിക വാണി ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് ജയറാം മൂന്ന് വർഷം മുൻപ് മരിച്ച ശേഷം ഒറ്റയ്‌ക്കായിരുന്നു താമസം. മക്കളില്ല. ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും അടുത്തുണ്ടാകാറുണ്ടെന്നും ജോലിക്കാരി മലർകൊടി പറഞ്ഞു.