നുര്‍ സുല്‍ത്താന്‍: ലോക്ക് ഡൗണ്‍ മൂലം കസാക്കിസ്ഥാനില്‍ കുടുങ്ങിയ 132 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ എയര്‍ഇന്ത്യയുടെ AI 1962 പ്രത്യേക വിമാനമാണ് യാത്രക്കാരുമായി നുര്‍ സുല്‍ത്താന്‍ വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്‌ക്ക് 12.15ന് പുറപ്പെട്ടതെന്ന് കസാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റു ചെയ്‌തു.
കസാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ പ്രത്യേക വിമാനമാണിത്. അല്‍മാട്ടിയില്‍ നിന്നും ഇന്നലെ 132 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ തിരിച്ചിരുന്നു. രണ്ടാം വന്ദേ ഭാരത് മിഷനോടെ 60 രാജ്യങ്ങളിലായി കുടുങ്ങിയ 100,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നുവരെ വിദേശങ്ങളില്‍ കുടുങ്ങിയ 45,216 ഇന്ത്യക്കാര്‍ രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ വ്യക്തമാക്കി. ഇതില്‍ 8069 കുടിയേറ്റ തൊഴിലാളികളും, 7656 വിദ്യാര്‍ഥികളും,5107 പ്രൊഫഷണലുകളും ഉള്‍പ്പെടുന്നു.