ബെംഗളൂരു: സംസ്ഥാനത്ത് ഏപ്രിൽ 11 മുതൽ സ്വകാര്യ, സർക്കാർ ജോലി സ്ഥലങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ. 45 വയസിന് മുകിലുള്ള സന്നദ്ധരായ 100 പേരെങ്കിലും വാക്‌സിൻ സ്വീകരിക്കുമെന്നും ഇതിലൂടെ വാക്‌സിനേഷൻ വേഗത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിദാർ, കാലബുർഗി, തുമക്കുരു, ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഉടുപ്പി, ഹസൻ, മാണ്ഡ്യ, മൈസൂരു, ചിത്രദുർഗ എന്നീ ജില്ലകളിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ഭരണാകൂടങ്ങളുമായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ജോലിസ്ഥലങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നതോടെ ഒരുപാട് കമ്പനികൾക്ക് പ്രയോജനം ഉണ്ടാകുമെന്ന് യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിരവധി ഐടി സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ജോലി സ്ഥലങ്ങളിൽ വാക്‌സിനേഷൻ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിർദേശങ്ങൾ മുഖ്യമന്ത്രി ജില്ലാ ഭരണ കൂടങ്ങളെ അറിയിക്കുകയും ചെയ്‌തു. കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ബെംഗളൂരുവിൽ മാത്രം 5000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ 35 മരണങ്ങളിൽ 25 എണ്ണവും ബെംഗളൂരുവിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം കൊവിഡ് സ്ഥിതിഗതികൾ വിലയിതുത്താൻ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.