ന്യൂഡൽഹി:വിദേശത്തേക്ക് പോകേണ്ടവർക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകുന്നതിനെ പറ്റിയുള്ള തീരുമാനം അറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. പ്രവാസി ലീഗൽ സെൽ എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വാക്സിൻ എടുക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
Also Read:ലഖ്‌നൗവിലെ രണ്ട് ആശുപത്രികളിൽ കൊവിഡ് തെറാപ്പി ചികിത്സ ആരംഭിച്ചു
നിലവിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ പല രാജ്യങ്ങളും പ്രവേശനം അനുവദിക്കുന്നുള്ളു. രണ്ട് വാക്‌സിൻ ഡോസുകൾ തമ്മിലുള്ള കാലയളവ് വളരെ കൂടുതലാണ്. ഇത് പ്രവാസികളുടെ ജോലി സാധ്യത ഇല്ലാതാക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു. വിദേശ സർലകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികളും സമാന സാഹചര്യമാണ് നേരിടുന്നത്. കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി(എമർജൻസി യൂസ് ലിസ്റ്റിങ്) ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര തലത്തിൽ യാത്രകൾ ചെയ്യാൻ തടസം ഉണ്ടായേക്കാം എന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.