ഹൈദരാബാദ്: 60 വയസ്സിന് മുകളിൽ പ്രായമായവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള അസുഖബാധിതരായ വ്യക്തികൾക്കുമുള്ള കൊവിഡ്-19 വാക്‌സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി ഈതാല രാജേന്ദർ വാക്‌സിനേഷൻ സ്വീകരിച്ചു. ഹുസുരാബാദ് നിയമസഭാ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് അദ്ദേഹം വാക്‌സിനേഷൻ സ്വീകരിച്ചത്.
സംസ്ഥാനത്ത് നിലവിൽ ഒരു രണ്ടാംഘട്ട രോഗവ്യാപനമോ കേസുകളിൽ വലിയ തോതിലുള്ള വർധനയോ ഇല്ലെന്നും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ജനങ്ങൾക്ക് കൊവിഡ്-19ൽ നിന്നും പരിരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുകൾ ലോകത്ത് ഉടനീളം നൽകുന്നതിനാൽ തന്നെ അതേക്കുറിച്ചുള്ള യാതൊരു വിധ സംശയമോ ഭയമോ വേണ്ടെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
60 വയസ്സിന് മുകളിൽ പ്രായമായവർക്കുള്ള വാക്‌സിൻ ഞയറാഴ്‌ച തന്നെ സംസ്ഥാനത്തുടനീളം 102 കേന്ദ്രങ്ങളിൽ സോഫ്റ്റ്-ലോഞ്ച് ചെയ്‌തിരുന്നു. ഇതിനു മുമ്പായി സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കും മുൻനിര ഉദ്യോഗസ്ഥർക്കും വാക്‌സിനേഷൻ നടത്തിയിരുന്നു.