ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒരാഴ്‌ചക്കകം എല്ലാ മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യര്‍ഥിച്ച മുഖ്യമന്ത്രി മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തിരക്കേറിയ പ്രദേശങ്ങളായ ഹൈദരാബാദ്, രംഗറെഡ്ഡി, മെഡ്‌ചല്‍ ജില്ലകളിലും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം ആരോഗ്യ വിദഗ്‌ധരുമായി മുഖ്യമന്ത്രി ഇന്നലെ വിശകലന യോഗം ചേര്‍ന്നിരുന്നു.
മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് എല്ലാ ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നിര്‍ദേശിച്ചു. മുഴുവന്‍ ജില്ലകളിലും കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂടുതലായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗഡ്‌വാല്‍,വാനപാര്‍ത്തി, കമ്മം, നിര്‍മല്‍, മന്‍ചെരിയല്‍, കാമറെഡ്ഡി, സംഘറെഡ്ഡി, മെഡക്, ജഗിതല്‍, പെഡപ്പള്ളി, രാമഗുമണ്ഡം, ബോംഗിര്‍, ജനഗോണ്‍, വികാരബാദ് എന്നിവിടങ്ങളിലും കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.