തിരുവനന്തപുരം : മുസാഫർനഗര്‍ സംഭവം രാജ്യത്തിന് നാണക്കേടെന്നും അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അഭ്യർഥിച്ച് യുപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty React Muzaffarnagar Issue) പറഞ്ഞു. വീഡിയോ ദൃശ്യം കണ്ടപ്പോൾ ദയനീയ സ്ഥിതിയാണ് അനുഭവപ്പെട്ടത്. കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുത്ത് മാതൃക കാണിക്കേണ്ട പൊലീസും ടീച്ചറുടെ പേരിൽ നിസാര കേസ് എടുത്തിരിക്കുന്നുവെന്നതും തെറ്റെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തല്ലിയ വിദ്യാർഥികൾ പിന്നീട് തല്ലുകൊണ്ട കുട്ടിയെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്. കുട്ടികൾ തമ്മിൽ സ്നേഹമാണുള്ളത്. എന്നാൽ അമ്മയുടെ സ്‌ഥാനമുള്ള ടീച്ചർ കുട്ടികളോട് വേർതിരിവ് നടത്തുന്നു. രാജ്യത്തിന്‍റെ സംസ്‌കാരത്തിന് തന്നെ എതിരാണ് ഇത്തരം സംഭവം. ഒരിക്കലും പ്രോത്സാഹനം അർഹിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽ (Muzaffarnagar issue) ക്ലാസ് റൂമിൽ വച്ച് മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു വിദ്യാർഥികള്‍ തല്ലിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ടീച്ചർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൾ ഉയർന്നിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം പൊലീസ് ടീച്ചർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ താൻ ഭിന്നശേഷിക്കാരിയാണെന്നും തനിക്ക് എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ആണ് മറ്റ് വിദ്യാർഥികളെ കൊണ്ട് തല്ല് നൽകിയതെന്നും, കുട്ടി രണ്ടു മാസമായി ഗൃഹപാഠം ചെയ്യാറില്ലെന്നുമാണ് അധ്യാപികയുടെ ഭാഗത്തുള്ള വിശദീകരണം. മുസാഫർ നഗർ നേഹ പബ്‌ളിക്ക് സ്‌കുളിൽ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.