ചെന്നൈ : 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്റ്റഡിയിലെടുക്കുന്നതിനിടെ തളർന്നുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ റിമാൻഡ് ചെയ്‌തു. കള്ളപ്പണക്കേസ്, ജയലളിത സർക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്ത കേസ് എന്നിവയിലാണ് തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി.സെന്തില്‍ ബാലാജിയെ ബുധനാഴ്‌ച പുലർച്ചെയോടെ ഇഡി കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ആശുപത്രിയില്‍ വച്ച് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തത്.
14 ദിവസത്തേക്കാണ് റിമാൻഡ്. സെഷൻസ് കോടതി ജഡ്‌ജി ആശുപത്രിയില്‍ നേരിട്ട് എത്തിയാണ് സെന്തില്‍ ബാലാജിയെ റിമാൻഡ് ചെയ്‌തത്. എങ്കിലും ഇദ്ദേഹത്തിന് ആശുപത്രിയില്‍ തുടരാം. കഴിഞ്ഞദിവസം (13.06.2023) രാവിലെ മുതല്‍ സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും സ്വന്തം നാടായ കരൂരിലെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫിസിലുമുള്‍പ്പടെ ഇഡി പരിശോധന നടത്തിയിരുന്നു. വസതിയില്‍ റെയ്‌ഡ് നടക്കവെ അദ്ദേഹം പ്രഭാത നടത്തത്തിലായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സെന്തില്‍ ബാലാജി ഉടന്‍ തന്നെ ഒരു ടാക്‌സിയിൽ വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് : 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ബുധനാഴ്‌ച പുലർച്ചെ 3.30 ഓടെ സെന്തില്‍ ബാലാജി നെഞ്ചുവേദനയെ തുടർന്ന് തളർന്നുവീണ് പൊട്ടിക്കരയുന്നതിന്‍റെയും എൻഫോഴ്‌മെന്‍റ് ഉദ്യോഗസ്ഥർ മന്ത്രിയെ ചെന്നൈ ഒമൻഡുരാർ സർക്കാർ ആശുപത്രിയിലെത്തിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ വീടിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലൂടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ മന്ത്രിയുമായി ആശുപത്രിയിലേക്ക് തിരിച്ചത്. മാത്രമല്ല ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ചെന്നൈ ഒമൻഡുരാർ സർക്കാർ ആശുപത്രിയിലും പരിസരത്തും വലിയ സുരക്ഷയും ഒരുക്കിയിരുന്നു.
സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഡിഎംകെ മന്ത്രിസഭയിലെ പ്രമുഖർ പുലർച്ചെ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. മുഖ്യമന്ത്രി സ്‌റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ഇവി വേലു, ശേഖർ ബാബു എന്നിവരാണ് സെന്തില്‍ ബാലാജിയെ ആശുപത്രിയിലെത്തി കണ്ടത്. സെന്തില്‍ ബാലാജിയെ ശാരീരികമായും മാനസികമായും ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനെ തുടർന്ന് കനത്ത നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജി തളർന്ന് വീഴുകയായിരുന്നുവെന്നും മന്ത്രി ശേഖർ ബാബു സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ചോദ്യം ചെയ്യലും അറസ്‌റ്റും എന്തിന് : നിലവിലെ തമിഴ്‌നാട് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് കൂടാതെ പ്രൊഹിബിഷൻ ആന്‍ഡ് എക്സൈസ് വകുപ്പുകള്‍ കൂടി വഹിക്കുന്നയാളാണ് അറസ്‌റ്റിലായ വി.സെന്തില്‍ ബാലാജി. മുമ്പ് എഐഎഡിഎംകെയില്‍ ഉണ്ടായിരുന്നപ്പോള്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം ആവശ്യപ്പെട്ടുവെന്ന കുംഭകോണത്തില്‍ സെന്തില്‍ ബാലാജിക്കെതിരെ സുപ്രീം കോടതി പൊലീസ്, എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. മാത്രമല്ല അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള 2011-15 വര്‍ഷത്തെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രി കൂടിയായിരുന്നു സെന്തില്‍ ബാലാജി.